റെയില്‍വേയില്‍ ഇനി പോര്‍ട്ടറും പ്യൂണുമില്ല; എല്ലാവരും അസിസ്റ്റന്റുമാര്‍
ന്യൂഡല്‍ഹി: ഈ വര്‍ഷം മുതല്‍ റെയില്‍വേയില്‍ ജമാദാര്‍മാരോ പ്യൂണുകളോ പാചകക്കാരോ ഉണ്ടാകില്ല. എല്ലാവരും അസിസ്റ്റന്റുമാരാകും. കൊളോനിയല്‍ കാലത്തെ തസ്തികപ്പേരുകള്‍ എടുത്തുകളയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദവികളെല്ലാം അസിസ്റ്റന്റ് എന്ന ഒറ്റ തസ്തികയായി മാറ്റുന്നത്.
എന്നാല്‍ ചെയ്യുന്ന ജോലിക്കോ ഉത്തരവാദിത്തങ്ങള്‍ക്കോ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ക്കോ ഒരു മാറ്റവും ഉണ്ടാകില്ല. ഇതു സംബന്ധിച്ച് റെയില്‍വേ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സഫായിവാലകളെന്ന ക്ലീനിങ് ജീവനക്കാരും ഇല്ലാതാകും. പകരം അവര്‍ ഹൗസ് കീപ്പിങ് അസിസ്റ്റന്റുമാരായി മാറും. ദോബികള്‍, ചൗക്കിദാറുകള്‍, ഹാമല്‍സ്, ബിസ്തീസ്, ക്ലീനേഴ്‌സ്, ഖലാസികള്‍, പ്യൂണ്‍, കുക്ക്, വെയ്റ്റര്‍മാര്‍, പോര്‍ട്ടര്‍മാര്‍ എന്നീ പദവികളും ഇല്ലാതാകും. അവരെ ഇനി മുതല്‍ അതത് ഡിപ്പാര്‍ട്ടുമെന്റുകളിലെ അസിസ്റ്റന്റുമാര്‍ എന്നു വിളിക്കാം.
കുക്കുകളും വെയ്റ്റര്‍മാരും കാറ്ററിങ് അസിസ്റ്റന്റുമാരാകും. ചപ്പാത്തിയുണ്ടാക്കുന്നവര്‍, ചായ, കാപ്പി വിതരണം ചെയ്യുന്നവര്‍, വൃത്തിയാക്കല്‍ ജോലിക്കാര്‍ എന്നിവര്‍ കാന്റീന്‍ അസിസ്റ്റന്റുമാരും. റെയില്‍വേ തൊഴിലാളി യൂനിയനുകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു പേരുമാറ്റം. നിലവിലുള്ള പല തസ്തികപ്പേരുകളും 1,853ല്‍ ഉണ്ടായതാണെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജാതിയുടെ അടിസ്ഥാനത്തിലാണു പേരുകളും തൊഴിലും രൂപം കൊണ്ടത്. ഈ തസ്തികകളോടു പല തൊഴിലാളികള്‍ക്കും അമര്‍ഷമുണ്ടായിരുന്നുവെന്നും പലരും അതിനെ അപമാനമായി കണ്ടിരുന്നുവെന്നും ആള്‍ ഇന്ത്യാ റെയില്‍വേമെന്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ശിവ് ഗോപാല്‍ മിശ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."