തൃശൂരില്‍ സി.പി.ഐക്ക് മറികടക്കാന്‍ പ്രതിസന്ധികളേറെ
#ശിഹാബ് പാറപ്പുറം
പ്രമുഖര്‍ വാഴുകയും വീഴുകയും ചെയ്ത പാര്‍ലമെന്റ് മണ്ഡലമാണ് തൃശൂര്‍. സി.പി.ഐയുടെ രാജ്യത്തെ ഏക സീറ്റായ തൃശൂര്‍ അവര്‍ക്ക് അത്ര ശുഭ പ്രതീക്ഷയല്ല ഇത്തവണ നല്‍കുന്നത്. മികച്ച സാധ്യതയുണ്ടായിട്ടും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം കൊണ്ടാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസിനു സീറ്റ് നഷ്ടമായത്. അതുകൊണ്ടുതന്നെ ഇക്കുറി സീറ്റ് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ഏതു നീക്കത്തിനും തയാറാണ്.
മുന്‍ കെ.പി.സി.സി പ്രസിഡന്റും സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖമുദ്രയുമായ വി.എം സുധീരനെ തന്നെ പാര്‍ട്ടി കളത്തിലിറക്കിയേക്കും. മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ ഹൈക്കമാന്‍ഡിന്റെ ഒന്നാമത്തെ പരിഗണന സുധീരനു തന്നെ. പക്ഷെ, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന ഉറച്ച നിലപാടുമായി നില്‍ക്കുന്ന സുധീരന്റെ മനസിളക്കുക എളുപ്പമല്ല. സുധീരന്‍ മനസു തുറന്നില്ലെങ്കില്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന് നറുക്കു വീഴും. പ്രതാപനും മണ്ഡലത്തില്‍ മികച്ച പ്രതിച്ഛായ തന്നെയാണുള്ളത്.
ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദമുണ്ടെങ്കില്‍ സുധീരനു മത്സരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സുധീരന്റെ വ്യക്തിപ്രഭാവവും മണ്ഡലത്തിലെ ജനസമ്മതിയും അനുകൂലമായ സാമുദായിക രാഷ്ട്രീയ സമവാക്യങ്ങളും ഗ്രൂപ്പുകളുടെ ഇടംകോലിടലുകളെ അപ്രസക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. മണ്ഡലത്തിനു കീഴിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും നിലവില്‍ ഇടതിന്റെ കൈയിലാണ്. എന്നാല്‍ ഈ മണ്ഡലങ്ങളിലെല്ലാം പാര്‍ട്ടിക്കതീതമായ സ്വീകാര്യത സുധീരനുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതേസമയം, സി.പി.ഐ അത്ര ആത്മവിശ്വാസത്തിലല്ല. സുധീരനെപ്പോലൊരു സ്ഥാനാര്‍ഥി കോണ്‍ഗ്രസിനു വേണ്ടി കളത്തിലിറങ്ങിയാല്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. സുധീരന് പുറമെ, സിറ്റിങ് എം.പിയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിമര്‍ശനങ്ങളെയും സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തെയും ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെയും ഭരണ വിരുദ്ധ വികാരത്തെയും ശബരിമല വിഷയത്തെയുമൊക്കെ സി.പി.ഐ സ്ഥാനാര്‍ഥിക്കു മറികടക്കേണ്ടതുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തിനു വേണ്ടി സിറ്റിങ് എം.പി എന്തുചെയ്‌തെന്ന ഒന്നാമത്തെ ചോദ്യം തന്നെ അവരെ കുഴക്കും. പാര്‍ലമെന്റംഗമെന്ന നിലയില്‍ സി.എന്‍ ജയദേവന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളേറെയുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ തന്നെ അഭിപ്രായം. പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും മത്സരിക്കുമെന്ന് ജയദേവന്‍ പറയുന്നുണ്ടെങ്കിലും സീറ്റ് ജയദേവനു കൊടുക്കുന്നതിനോട് പാര്‍ട്ടിയില്‍ യോജിപ്പില്ല. പകരം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ജനയുഗം എഡിറ്ററുമായ രാജാജി മാത്യുവിന്റെ പേരാണ് പ്രാദേശിക നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. സീറ്റ് ചര്‍ച്ചകളുടെ തുടക്കത്തില്‍ എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി രാജേന്ദ്രന്റെ പേരു കൂടി ഉയര്‍ന്നുകേട്ടിരുന്നെങ്കിലും അദ്ദേഹത്തെ സംഘടനാ രംഗത്തു തന്നെ നിലനിര്‍ത്താനാണ് തീരുമാനം. അതുകൊണ്ടു തന്നെ ജയദേവനു സീറ്റില്ലെങ്കില്‍ ഒല്ലൂര്‍ മുന്‍ എം.എല്‍.എ കൂടിയായ രാജാജിക്കു നറുക്കു വീഴുമെന്നുറപ്പാണ്. കോണ്‍ഗ്രസ് സുധീരനെ രംഗത്തിറക്കിയാല്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിനെ രംഗത്തിറക്കണമെന്ന ചിലരുടെ നിര്‍ദേശം തൃശൂര്‍ നിയമസഭാ മണ്ഡലം സുനില്‍കുമാറില്ലാതെ നിലനിര്‍ത്താനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി തള്ളിയത്.
സ്ഥാനാര്‍ഥി പ്രശ്‌നം തീര്‍ന്നാലും വോട്ട് പെട്ടിയില്‍ വീഴാന്‍ സി.പി.ഐ ഇത്തിരി കഷ്ടപ്പെടേണ്ടി വരും. മണ്ഡലത്തില്‍ പലയിടത്തും സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തൃശൂര്‍ കോര്‍പറേഷനിലെ ഭരണമാറ്റവും പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തതും എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷവുമൊക്കെ തെരഞ്ഞെടുപ്പിനെ ഏതു വിധത്തില്‍ ബാധിക്കുമെന്ന് കണ്ടറിയണം. ജില്ലയില്‍ പല സ്ഥലത്തുമുണ്ടായ സി.പി.എം- സി.പി.ഐ സംഘര്‍ഷത്തില്‍ സി.പി.എമ്മിനെതിരേ പരസ്യമായി സ്ഥലം എം.പി തന്നെ രംഗത്തുവന്നതും സി.പി.ഐക്കു ക്ഷീണമാകും.
കഴിഞ്ഞ മാസം സി.പി.ഐ പെരിങ്ങോട്ടുകര ലോക്കല്‍ കമ്മിറ്റി ഓഫിസ് ആക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ജി ഓഫിസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ജയദേവനായിരുന്നു. സി.പി.എം നേതൃത്വത്തേയും പൊലിസിനെയും ശക്തമായ ഭാഷയിലാണ് അന്ന് അദ്ദേഹം വിമര്‍ശിച്ചത്. സി.പി.എം പുറത്താക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും സി.പി.ഐ ഏറ്റെടുക്കുന്നതും സി.പി.എമ്മിനെ ചൊടിപ്പിക്കുന്നുണ്ട്. മുന്നണിയിലെ അഭിപ്രായഭിന്നത മൂലം ഊരകം, എട്ടുമുന സര്‍വിസ് സഹകരണ ബാങ്കുകളില്‍ വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് ഇരു പാര്‍ട്ടികളും മത്സരിച്ചത്. ഇവിടെയെല്ലാം വിജയം സി.പി.എമ്മിനൊപ്പമായിരുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി കെ.കെ മാമക്കുട്ടിയുടെ വിട്ടീലേക്കു വരെ കല്ലേറുണ്ടായി. ഇ.പി ജയരാജന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ പ്രമുഖരെ ഇറക്കിയാണ് ഇരുപാര്‍ട്ടികളും ചേര്‍പ്പിലും ഊരകത്തും പോര്‍വിളി പ്രകടനവും പൊതുയോഗവും നടത്തിയത്.
ഇടതുപക്ഷം ഭരിക്കുന്ന കോര്‍പറേഷന്റെ ഒരു പരിപാടിക്കും തന്നെ ക്ഷണിക്കാറില്ലെന്ന് ജയദേവന്‍ പരസ്യമായി പറഞ്ഞത് മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ചയായിരുന്നു. സ്ഥാനാര്‍ഥി ആരായാലും തെരഞ്ഞെടുപ്പിനു മുമ്പ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തില്ലെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ അത്ഭുതം തന്നെ സംഭവിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."