ഇവര്‍ക്കൊന്നും ഇതു ബാധകമല്ലേ?
മുംബൈ: കൊവിഡ് വ്യാപന ഭീതിയില്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശവും നിയന്ത്രണങ്ങളും നിലനില്‍ക്കെ ഇതൊക്കെ കാറ്റില്‍പറത്തി ചിലര്‍. ഗായിക കനിക കപൂര്‍ യു.കെയില്നിന്നെത്തിയത് മറച്ചുവച്ച് പൊതുപരിപാടിയില്‍ പങ്കെടുത്തതും ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലായതും ഇവര്‍ സന്ദര്‍ശിച്ച രാഷ്ട്രപതി വരെ നിരീക്ഷണത്തിലായതും വിവാദമായിരിക്കെ, ഇത്തരം നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ പ്രമുഖര്‍ രംഗത്തെത്തുകയാണ്.തെലങ്കനായിലെ ഭരണപക്ഷ എം.എല്‍.എയായ കോനേരു കോനപ്പയാണ് ഇതിലൊരാള്‍.
കഴിഞ്ഞ ദിവസം അമേരിക്കയില്‍നിന്നു തിരിച്ചെത്തിയ ഇദ്ദേഹത്തോട് വീട്ടില്‍ കഴിയാന്‍ നിര്‍ദേശിച്ചതായിരുന്നു. എന്നാല്‍, ഇദ്ദേഹം ട്രെയിനിലടക്കം സഞ്ചരിക്കുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ വിഡിയോകളും പുറത്തായിട്ടുണ്ട്. മൂവായിരത്തോളം ആളുകള്‍വരെ എത്തിയ പൊതുപരിപാടിയിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ഇതിനു പുറമേ, ബോക്സറും രാജ്യസഭാ എം.പിയുമായ മേരികോമും രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ജോര്‍ദാനിലെ അമ്മാനില്‍ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഇവരോട് 14 ദിവസം വീട്ടില്‍ കഴിയാന്‍ നിര്‍ദേശിച്ചതായിരുന്നു. എന്നാല്‍, ഇതു ലംഘിച്ചാണ് ഇവര്‍ രാഷ്ട്രപതി ഭവനിലെ വിരുന്നില്വരെ പങ്കെടുത്തത്.
അതേസമയം, കനിക കപൂറിനൊപ്പം പരിപാടിയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് മന്ത്രിയടക്കം 27 പേര്‍ക്ക് കൊവിഡ് ബാധ ഇല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."