സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം
കോഴിക്കോട്: ഉള്ള്യേരിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ മാതാവും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ബാലുശ്ശേരി എകരൂൽ സ്വദേശി അശ്വതിയും കുഞ്ഞും മരിച്ച സംഭവത്തിലാണ് കുടുംബം ഗുരുതര ആരോപണം ഉയർത്തിയത്. യുവതിയുടെ നില ഗുരുതരമായിട്ടും ഡോക്ടർമാർ സിസേറിയൻ വൈകിപ്പിച്ചെന്ന് മരിച്ച അശ്വതിയുടെ ഭർത്താവ് വിവേക് ആരോപിച്ചു.
യുവതിയെ ചികിൽസിച്ചിരുന്ന ഉള്ളിയേരി എം.എം.സി ആശുപത്രിക്കെതിരെയാണു കുടുംബം രംഗത്തെത്തിയത്. കുടുംബം സിസേറിയൻ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ അതിന് തയാറായില്ല. പിന്നീട് പ്രസവശസ്ത്രക്രിയ നടത്തിയതിന് ശേഷവും അമ്മയുടെ നില ഗുരുതരമാണെന്ന വിവരം ബന്ധുക്കളിൽനിന്ന് മറച്ചുവച്ചെന്നും വിവേക് ആരോപിച്ചു.
യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാനുള്ള തീരുമാനം ബന്ധുക്കളെ അറിയിക്കുന്നതിന് മുൻപേ ആംബുലൻസ് എത്തിയിരുന്നതായും കുടുംബം ആരോപണം ഉന്നയിക്കുന്നു.
ഇന്നലെയാണ് മരണം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് ഉള്ള്യേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."