പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച് കായികരംഗം ജനകീയമാക്കും: മന്ത്രി ഇ.പി ജയരാജന്‍
വര്‍ക്കല: പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച് കായികമേഖലയെ ജനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ കായിക യുവജനകാര്യ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമാക്കി ഇടവയില്‍ നിര്‍മിക്കുന്ന ജില്ലാ സ്റ്റേഡിയമായ തോമസ് സെബാസ്റ്റ്യന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതിനായി 700 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കളികളുടെ ഉന്നമനത്തിനും കളിക്കാരുടെ ക്ഷേമത്തിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. വി.ജോയി എംഎല്‍എ അധ്യക്ഷനായി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത്, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുനിത എസ്. ബാബു, അസിം ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.ബാലിക്, ജി.എസ്.മെര്‍ലി, എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രവികുമാര്‍, സി.പി.എം ഏരിയാ കമ്മിറ്റിയംഗം ശശാങ്കന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."