ബിവറേജസ് ഔട്ട്‌ലെറ്റ് പൈതോത്ത് റോഡിലേക്ക് മാറ്റുന്നതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിന്
പേരാമ്പ്ര: പൈതോത്ത് റോഡിലെ ജനവാസ കേന്ദ്രത്തിലേക്ക് ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിന്.
പേരാമ്പ്ര ടൗണില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റാണ് പൈതോത്ത് റോഡ് എടപ്പാറത്താഴയിലെ തടിമില്ലിനു സമീപത്തേക്കു മാറ്റാന്‍ നീക്കം നടക്കുന്നത്. ഏപ്രില്‍ ഒന്നിനു മുന്‍പായി സംസ്ഥാന പാതയിലെ മദ്യശാല മാറ്റണമെന്ന നിയമം നടപ്പാക്കുന്നതിന്റെ മറവിലുള്ള ഗൂഢനീക്കം എന്തുവിലകൊടുത്തും ചെറുക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍. സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മദ്യവില്‍പ്പന കേന്ദ്രം ആരംഭിക്കാന്‍ ശ്രമം ആരംഭിച്ചത്.
മദ്യഷാപ്പിനെതിരേ ശക്തമായ സമരപരിപാടികളും ബോധവല്‍ക്കരണവും സംഘടിപ്പിക്കാന്‍ പ്രദേശവാസികള്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
വിവിധ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹ്യ സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി.ബി രാജേഷ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം ഗോപി മരുതോറ ഉദ്ഘാടനം ചെയ്തു. കോറോത്ത് റഷീദ്, എം.സി സതീശന്‍, കെ.എം ശ്രീനിവാസന്‍, ആര്‍.കെ മുഹമ്മദ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ഇ.പി മുഹമ്മദ്, കെ.പി രാഘവന്‍, പി.പി സിറാജ് പ്രസംഗിച്ചു. ഭാരവാഹികള്‍: ഗോപി മരുതോറ (ചെയര്‍മാന്‍), കെ.എം ശ്രീനിവാസന്‍, കോറോത്ത് റഷീദ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ (വൈസ് ചെയര്‍മാന്‍മാര്‍), എം.സി സതീശന്‍ (കണ്‍വീനര്‍), ചാലില്‍ അബ്ദുറഹിമാന്‍, അനീഷ് കര്‍മ്മ, കെ.പി രാഘവന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), ആര്‍.കെ മുഹമ്മദ് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."