നെല്ലിന്റെ വളര്‍ച്ചയെ ചൊല്ലി തര്‍ക്കം മണലൂര്‍താഴം പടവിലെ കൊയ്ത്ത് പ്രതിസന്ധിയില്‍
അന്തിക്കാട്: നെല്ലിന്റെ മൂപ്പിനെ ചൊല്ലി കര്‍ഷകരും മില്ലുടമകളും തമ്മില്‍ തര്‍ക്കം ഉടലെടുത്തതോടെ മണലൂര്‍ താഴം കോള്‍പടവിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൊയ്ത്ത് പ്രതിസന്ധിയില്‍. പടവില്‍ ജ്യോതി വിത്താണ് കൃഷിയിറക്കിയിട്ടുള്ളത്.130 ദിവസം പ്രായമായാല്‍ മാത്രമേ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയൂവെന്ന നിലപാടിലാണ് മില്ലുടമകള്‍. അതേസമയം നെല്‍ച്ചെടികള്‍ക്ക് 117 ദിവസം പ്രായമായിട്ടുണ്ടെന്നും അതിനാല്‍ മില്ലുടമകള്‍ നെല്ല് സംഭരിക്കണമെന്നുമാണ് കര്‍ഷകരുടെ നിലപാട്.
കൊയ്ത്ത് ഇനിയും വൈകിയാല്‍ നെല്ല് വ്യാപകമായി പാടത്ത് കൊഴിഞ്ഞു വീഴുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. നൂറുമേനി വിളവ് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും കര്‍ഷകര്‍ പറഞ്ഞു. ജ്യോതി വിത്ത് പൂര്‍ണ വളര്‍ച്ചയെത്തണമെങ്കില്‍ 130 ദിവസം തികയണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മില്ലുടമകള്‍ വ്യക്തമാക്കി. മൂപ്പെത്താത്ത നെല്‍ച്ചെടികള്‍ കൊയ്‌തെടുത്താല്‍ വന്‍ സാമ്പത്തിക നഷ്ടം തങ്ങള്‍ക്കുണ്ടാകുമെന്ന് മില്ലുടമകളും പറയുന്നു. കൊയ്‌തെടുക്കുന്ന പച്ചനെല്ല് ഉണക്കിയാല്‍ തൂക്കത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
700 ഏക്കറിലാണ് മണലൂര്‍ താഴം പടവില്‍ കൃഷിയിറക്കിയിട്ടുള്ളത്. കൊയ്ത്ത് ഇനിയും വൈകിയാല്‍ മഴ പെയ്താല്‍ നെല്ല് മുഴുവന്‍ നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. അതേ സമയം പടവില്‍ ഇരുപ്പൂ കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് കോള്‍പടവ് കമ്മിറ്റി ഭാരവാഹികള്‍. ഇരുപ്പൂ കൃഷിയിറക്കണമെങ്കില്‍ കൊയ്ത്ത് വേഗത്തില്‍ തീര്‍ക്കണം. മില്ലുടമകളുടെ നിലപാടുമൂലം പടവിലെ ഇരുപ്പൂ കൃഷിയും ഏക്കര്‍ കണക്കിന് സ്ഥലത്തെ കൊയ്ത്തും പ്രതിസന്ധിയിലായിരിക്കുകയാണ്.
കൊയ്ത്തിനായി പടവിലേക്ക് അഞ്ച് യന്ത്രങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു യന്ത്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായി വളര്‍ച്ചയെത്തിയ പാടത്തെ നെല്ല് മാത്രമാണ് ഇപ്പോള്‍ യന്ത്രത്തില്‍ കൊയ്‌തെടുക്കുന്നത്. പ്രശ്‌നത്തില്‍ സപ്ലൈകോ ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."