വാരാമ്പറ്റ വനസംരക്ഷണസമിതി തിരഞ്ഞെടുപ്പ് മെയ് ഒന്നിന്
വാരാമ്പറ്റ: വാരാമ്പറ്റ വനസംരക്ഷണസമിതി തെരഞ്ഞെടുപ്പ് മെയ് ഒന്നിന് നടക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഈ വര്‍ഷം ജനുവരിയിലാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ ചില ആരോപണങ്ങളുടെ പേരില്‍ വനസംരക്ഷണസമിതി പിരിച്ചുവിട്ടിരുന്നു.
പുതിയ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് മുന്‍ഭരണസമിതി പിരിച്ചുവിട്ട നടപടി ചട്ടവിരുദ്ധമായിരുന്നുവെന്ന ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. അതേസമയം ചില ഉദ്യോഗസ്ഥരും, മുന്‍ വി.എസ്.എസ് ഭാരവാഹികളും തമ്മിലുള്ള പടലപ്പിണക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. തരിയോട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വയനാട് ഹണ്ട് എന്ന രജിസ്‌ട്രേഡ് സ്ഥാപനം വഴി മീന്‍മുട്ടി എക്കോ ടൂറിസം കേന്ദ്രത്തിലേക്ക് 30 സഞ്ചാരികളെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് നേരത്തെ വിവാദം ഉടലെടുത്തത്. മീന്‍മുട്ടി എക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനഫീസ് 30 രൂപയും, കാറ്റ്കുന്ന് ട്രക്കിംഗ് മേഖലയിലേക്ക് 10 പേര്‍ക്ക് 700 രൂപയും കണക്കിലാണ് അംഗീകൃത ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്നത്.
ഇത് കൂടാതെ കാറ്റുകുന്നിലെത്തുന്ന സഞ്ചാരികള്‍ക്ക് ഗൈഡ് ഫീസ്, ടെന്റ് വാടക എന്നീയിനത്തിലും തുക ഈടാക്കാറുണ്ട്. വയനാട് ഹണ്ട് വഴി മീന്‍മുട്ടിയിലെത്തിയത് 30 പേരായിരുന്നു. ഇവരുടെ ട്രക്കിംഗ് അടക്കമുള്ള പ്രവേശഫീസ് ആള്‍ക്കൊന്നിന് 220 രൂപ നിരക്കില്‍ 3600 രൂപയായിരുന്നു. ഇവരില്‍ നിന്നും ടെന്റ്, ഗൈഡ് ഫീ എന്നീ ഇനത്തില്‍ 3000 രൂപ ഈടാക്കുകയും ചെയ്തു. ചില ഉദ്യോഗസ്ഥര്‍ ഇവരുടെ ടീം ലീഡറെ വിളിച്ച് 3000 രൂപ അധികമായി വാങ്ങിയെന്നും ബില്ല് നല്‍കിയില്ലെന്നും കാണിച്ച് രജിസ്റ്ററില്‍ പരാതിയെഴുതി വാങ്ങിപ്പിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃതമായി പണം വാങ്ങിയെന്ന് കാണിച്ച് വനസംരക്ഷണസമിതി പിരിച്ചുവിടുകയായിരുന്നു. സാധാരണ ഇത്തരം വിഷയങ്ങളുണ്ടായാല്‍ ഡബ്ല്യു.എസ്.എസ് ബൈലോ അനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിക്കേണ്ടത്. ഇത് പാലിക്കാതെ മൊത്തം പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിയാണ് മുകളില്‍ നിന്നും സ്വീകരിച്ചത്.
ഡിവിഷന്‍ റെയ്ഞ്ച് ഓഫീസര്‍ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ഡബ്ല്യു.എസ്.എസ് പ്രസിഡന്റിനെ തല്‍സ്ഥാനത്ത് മാത്രമല്ല, മെമ്പര്‍ഷിപ്പില്‍ നിന്ന് പോലും ഒഴിവാക്കിയെന്ന് വ്യക്തമാക്കിയിരുന്നതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സി.സി.എഫില്‍ നിന്നും ലഭിച്ച മറുപടിയാണ് പിരിച്ചുവിടല്‍ നടപടി ചട്ടവിരുദ്ധമായിരുന്നുവെന്നതിന്റെ തെളിവായി പറയപ്പെടുന്നത്. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ ആരോപണവിധേയനായ പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്ന് മാത്രമാണ് മാറ്റിയതെന്ന് പറയുന്നു.
2017 മെയില്‍ പിരിച്ചുവിട്ട സമിതിയെ സംബന്ധിച്ച് 2017 ഒക്‌ടോബറിലാണ് ഇത്തരത്തില്‍ മറുപടി ലഭിക്കുന്നത്. അതേസമയം, മീന്‍മുട്ടിയിലെത്തിയ മാവൂര്‍ സംഘത്തിന്റെ ടീം ലീഡറിന്റെ പേരില്‍ വ്യാജപരാതിയാണ് നല്‍കിയതെന്നാണ് മുന്‍ സമിതിയുടെ ആരോപണം. പരാതിബുക്കില്‍ രേഖപ്പെടുത്തിയ ടീം ലീഡറുടെ പേര്‍ നിയാസ് എന്നാണെങ്കില്‍ പിന്നീട് സി.സി.എഫിന് അടക്കം നല്‍കിയ പരാതിയിലുള്ള പേര് നിജാസ് എന്നാണ്. ആ പരാതിയില്‍ പറയുന്ന മറ്റുള്ളവര്‍ക്കെതിരെ നടപടിയെടുക്കാത്തതും ആരോപണങ്ങള്‍ക്ക് ശക്തി കൂട്ടുന്നുണ്ട്. ഇത്തരത്തില്‍ മുന്‍ഭരണസമിതിയെ ചട്ടവിരുദ്ധമായി പിരിച്ചുവിട്ടതാണെന്നും, വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇത്തരം അനധികൃത നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
അനധികൃത ഫീസിടാക്കിയതാണ് വി.എസ്.എസിന് വിനയായതെന്ന് പറയുന്ന മറുപക്ഷമുണ്ട്. സമിതി പിരിച്ചുവിട്ടതിന് ശേഷം തെരഞ്ഞെടുപ്പ് നടത്താന്‍ നീക്കം നടത്തിയെങ്കിലും എതിര്‍പ്പ് മൂലം നടന്നിരുന്നില്ല. മെയ് ഒന്നിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും എതിര്‍പ്പുകള്‍ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."