സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ അടച്ചു പൂട്ടി; രോഗികള്‍ ദുരിതത്തില്‍
മട്ടാഞ്ചേരി: ചുള്ളിക്കല്‍ കല്ലു ഗോഡണില്‍ പ്രവര്‍ത്തിച്ചിരുന്ന സപ്ലൈകോയുടെ മാവേലി മെഡിക്കല്‍ സ്റ്റോര്‍ അടച്ചു പൂട്ടി. നേരത്തെ കൊച്ചി താലൂക്കില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന കഴുത്തു മുട്ടിലെ മാവേലി മെഡിക്കല്‍ സ്റ്റോറും അടച്ചു പൂട്ടിയിരുന്നു. ഇതോടെ ഈ മെഡിക്കല്‍ സ്റ്റോറിനെ ആശ്രമിച്ചിരുന്ന സാധാരണക്കാരായ രോഗികള്‍ ബുദ്ധിമുട്ടിലായി.
ബി.പി.എല്‍.വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ ഏറെ സഹായകരമാണ്. 25 ശതമാനം വിലക്കുറവിലാണ് ഇവര്‍ക്ക് മരുന്നുകള്‍ നല്‍കിയിരുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസകരമെന്ന നിലക്കാണ് സപ്ലൈകോ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചത് .സംസ്ഥാനത്തെ 52 സപ്ലൈകോ ഡിപ്പോയുടെ കീഴിലായി 106 മെഡിക്കല്‍ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു താലൂക്കില്‍ ഒരു സ്റ്റോറെങ്കിലും വേണമെന്ന നിബന്ധനയോടെയാണ് ഷോപ്പുകള്‍ ആരംഭിച്ചത്.കൊച്ചി താലൂക്കില്‍ രണ്ട് സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചത് രണ്ടും പൂട്ടിയതോടെ പിന്നോക്ക മേഖലയായ കൊച്ചി താലൂക്കില്‍ ഒരു ഷോപ്പുപോലും ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.പല മെഡിക്കല്‍ ഷോപ്പുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കൊച്ചി ചുള്ളിക്കലില്‍ ഇപ്പോള്‍ പൂട്ടിയ ഷോപ്പ് സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തന്നെയുമല്ല ഒരു ജീവനക്കാരി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.നേരത്തെ തന്നെ ഷോപ്പ് പൂട്ടുവാന്‍ പദ്ധതിയിട്ടിരുന്നതിന്റെ ഭാഗമായി സാധാരണ ആവശ്യമായി വരുന്ന മരുന്നുകള്‍ ഇവിടെ സ്റ്റോക്ക് ചെയ്തിരുന്നില്ലത്രെ.
കൊച്ചിയിലെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം മരുന്ന് എടുത്തിരുന്നത് ഇവിടെ നിന്നായിരുന്നു.എന്നാല്‍ വേണ്ടത്ര മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിരുന്നില്ല. ന്യായവിലക്ക് മരുന്ന് നല്‍കുന്ന സംവിധാനം ഇല്ലാതായതോടെ സാധാരണക്കാര്‍ തിങ്ങി വസിക്കുന്ന കൊച്ചിക്ക് വലിയ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത് .പശ്ചിമകൊച്ചിയോടുള്ള അവഗണനയുടെ ഭാഗമാണ് ഈ അടച്ചു പൂട്ടലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."