ഗള്‍ഫ് രാഷ്ട്രങ്ങളിലും ബറാഅത്ത് രാവ് നാളെ; വ്രതാനുഷ്ഠാനം ചൊവ്വാഴ്ച
മനാമ: ഇസ്ലാമില്‍ ഏറെ ശ്രേഷ്ഠതയുള്ള ശഅ്ബാന്‍ 15ാം ദിനത്തോടനുബന്ധിച്ചുള്ള ബറാഅത്ത് രാവ് കേരളത്തിലെ വിശ്വാസികളോടൊപ്പം ഗള്‍ഫ് നാടുകളിലും നാളെ (തിങ്കളാഴ്ച) ആചരിക്കും. ഒമാന്‍ അടക്കമുള്ള മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇത്തവണ തിങ്കളാഴ്ച അസ്തമിച്ച രാത്രിയാണ് ബറാഅത്ത് രാവ്. ഇതോടനുബന്ധിച്ച് ബറാഅത്ത് ദിനമായ ചൊവ്വാഴ്ച പകലില്‍ കേരളത്തിലെ വിശ്വാസികളോടൊപ്പം ഗള്‍ഫ് നാടുകളിലുള്ള വിശ്വാസികളും പ്രത്യേകമായ സുന്നത്ത് നോമ്പില്‍ പങ്കുചേരും. അയ്യാമുല്‍ ബീള് എന്നറിയപ്പെടുന്ന ചാന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങള്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുള്ളതിനാല് ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി വ്രതമനുഷ്ഠിക്കുന്ന വിശ്വാസികളുമുണ്ട്.
വിശുദ്ധ റമദാന് മാസത്തിനു മുന്നോടിയായി എത്തുന്ന പവിത്രമായ രാവാണ് ശഅ്ബാന്‍ 15ന്റെ രാവായ ബറാഅത്ത് രാവ്. ലൈലത്തുല്‍ റഹ് മ (കാരുണ്യ രാത്രി), ലൈലത്തുല്‍ മുബാറക (അനുഗ്രഹീത രാത്രി), ലൈലത്തു സ്വക്ക് (വിധി തീര്‍പ്പു രാത്രി), ലൈലത്തുല്‍ ബറാഅ (വിമോചന രാത്രി) എന്നിങ്ങനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഈ രാത്രിയുടെ മഹത്വവും പ്രാധാന്യവും പണ്ഡിതന്മാര് വിശദീകരിച്ചിട്ടുണ്ട്.
ഈ രാത്രിയില്‍ ദീര്‍ഘായുസ്സ്, ഭക്ഷണ വിശാലത, പാരത്രിക മോക്ഷം എന്നിവ ലക്ഷ്യമാക്കി വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് യാസീന്‍ മൂന്നു തവണ പാരായണം ചെയ്യലും വിവിധ ദിക്റ്-ദുആകള്‍ അധികരിപ്പിക്കലും വിശ്വാസികള്‍ക്കിടയില്‍ പതിവുള്ളതും ഏറെ പ്രതിഫലാര്‍ഹവുമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച മിക്ക പള്ളികളിലെ ജുമുഅ ഖുതുബകളിലും ശഅ്ബാന്‍ മാസത്തിന്റെ പവിത്രതയും മഹത്വവും ഓര്‍മപ്പെടുത്തിയിരുന്നു. പരസ്പരം പിണങ്ങി നില്‍ക്കുന്നവര്‍ക്ക് ഈ രാവിന്റെ മഹത്വവും പുണ്യവും ലഭിക്കില്ല എന്നതിനാല്‍ വീട്ടുകാരെയും കൂട്ടുകാരെയും പരമാവധി സന്തോഷിപ്പിക്കുകയും കുടുംബാഗങ്ങളോട് കൂടുതല്‍ കാരുണ്യത്തോടെ വര്‍ത്തിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ഖത്തീബുമാര്‍ വിവരിച്ചു. പരസ്പരം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും മറ്റുള്ളവര്‍ക്കിടയില്‍ സന്തോഷം പങ്കിട്ടും ഈ രാവും പകലും വിശ്വാസികള്‍ സജീവമാക്കും.
ബറാഅത്ത് രാവില്‍ ഗള്‍ഫ് രാഷട്രങ്ങളിലെ വിവിധ മതസംഘടനകളുടെയും പ്രവാസി സംഘടനകളുടെയും കീഴില്‍ പ്രത്യേകമായ പ്രഭാഷണ പരിപാടികളും പ്രാര്‍ത്ഥനാ സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ബറാഅത്ത് ദിന പ്രഭാഷണം തിങ്കളാഴ്ച രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത മദ്റസാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടാതെ ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രത്യേക ബറാഅത്ത് പ്രഭാഷണ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും.
ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും സമസ്ത, ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, ഐ.സി.എഫ് തുടങ്ങിയ വിവിധ സംഘടനകളുടെയും പോഷക ഘടകങ്ങളുടെയും നേതൃത്വത്തില്‍ ബറാഅത്ത് ദിനത്തോടുബന്ധിച്ച് പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."