കുറിച്ചിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; ജലനിധി പദ്ധതികള്‍ കൂടുതല്‍ വേണമെന്ന്
ചങ്ങനാശേരി: വേനല്‍ കനത്തതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. എം.സി റോഡ് നവീകരണവും റെയില്‍ മേല്‍പ്പാലങ്ങളുടെ നവീകരണവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിനാല്‍ പൈപ്പ് ലൈന്‍ പൊട്ടി തടസപെട്ടതിനാല്‍ കുടിവെള്ള വിതരണം പൂര്‍ണമായും പഴയ നിലയിലാക്കാന്‍ സാധിച്ചിട്ടില്ല.
കുറിച്ചി കാലായിപ്പടി, ഔട്ട് പോസ്റ്റ്, മന്ദിരം ഭാഗങ്ങളില്‍ ഇതുമൂലം ജലവിതരണം തടസപെട്ടിരിക്കുകയാണ്. കിണറുകളിലെ വെള്ളം വറ്റാന്‍ തുടങ്ങിയതോടെ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ കുടിവെള്ള വില്‍പ്പനക്കാരെയാണ് ആശ്രയിക്കുന്നത്. വലിയ വില നല്‍കി വെള്ളം വാങ്ങേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്കുള്ളത്.
വിലയ്ക്ക് വാങ്ങുന്ന വെള്ളത്തിന്റെ ശുദ്ധത പലരും ഉറപ്പാക്കുന്നുമില്ല. മലിനമായ ജലത്തിന്റെ ഉപയോഗം പഞ്ചായത്തില്‍ പകര്‍ച്ചപനികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യവും ഉണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കുറിച്ചിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഉതകുന്ന പദ്ധതിയായ ജലനിധി പഞ്ചായത്ത് മുഴുവന്‍ വ്യാപിപ്പിക്കാന്‍ സാധിച്ചിട്ടില്ല. പ്രവര്‍ത്തനം ആരംഭിച്ച പദ്ധതികള്‍ വലിയ ആശ്വാസമാണ് ഇവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പഞ്ചായത്തില്‍ ഉണ്ടായിരുന്ന നിരവധി ജലനിധി ഉപഭോക്തൃ സമിതികള്‍ നേരത്തെ പിാറിയിരുന്നു.
ഇവരെകൂടി ഉള്‍പ്പെടുത്തി മൂന്നാംഘട്ട ജലനിധി പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ഉയരുന്നു. പഞ്ചായത്തിന്റെ തെക്ക് ഭാഗമായ ഇത്തിത്താനം ഇളംകാവ് പ്രദേശത്ത് കുടിവെള്ള ക്ഷാമം കൂടുതല്‍ ദുരിതമാകുകയാണ്. ഇവിടെ നിലവില്‍ രണ്ടു ജലനിധി പദ്ധതി മാത്രമാണ് തുടങ്ങാന്‍ സാധിച്ചത്. പ്രദേശത്തെ പ്രധാന കുടിവെള്ള വിതരണം നടത്തുന്നത് ശുദ്ധജല വിതരണ സമിതിയാണ്. അഞ്ചു ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇവിടങ്ങളില്‍ കുടിവെള്ളം ഇത്തരത്തില്‍ എത്തുന്നത്. പദ്ധതിയുടെ കല്ലുകടവിലെ ജലസ്രോതസിലെ ജലക്ഷാമം വിതരണത്തിനു തടസമാകുകയാണ്. കുടിവെള്ളം വിലയ്ക്ക് വാങ്ങുകയാണ് പലരും ഇപ്പോള്‍ തന്നെ. വേനല്‍ കൂടുതല്‍ കനക്കുന്നതോടെ കുടിവെള്ളം വില്‍ക്കുന്നവരെ മാത്രം ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്.
അടിയന്തിരമായി പഞ്ചായത്ത് വേണ്ട നടപടികള്‍ എടുക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു. ഉടന്‍ തുടങ്ങാന്‍ സാധിക്കുന്ന ജലനിധി പദ്ധതികള്‍ എത്രയും വേഗം തുടങ്ങാനുള്ള നടപടികള്‍ പഞ്ചായത്ത് മുന്‍കൈ എടുത്തു നടത്തണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."