സാറിനും ഒരവാര്‍ഡ്..
രാവിലെ കയ്യില്‍ ഡയറിയുമായി രണ്ടു പേര്‍ വീട്ടിലേക്ക് കടന്നു വരുന്നത് കണ്ടപ്പോള്‍ ഒന്നു സംശയിച്ചു.ഒറ്റനോട്ടത്തില്‍ ഏതോ രാഷ്ട്രീയക്കാരാണെന്ന് തോന്നുന്നു.തിരഞ്ഞെടുപ്പ് സമയമല്ലാത്തതിനാല്‍ രാഷ്ട്രീയക്കാര്‍ വരേണ്ട കാര്യം കാണുന്നില്ല.ഇനി പെട്ടെന്ന് വല്ല തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു കാണുമോ?ഇപ്പോള്‍ എല്ലാം പെട്ടെന്നങ്ങ് പ്രഖ്യാപിക്കുകയാണല്ലോ?തലേദിവസം വരെ രാജകുമാരന്‍മാരെപ്പോലെ കൊണ്ടു നടന്ന അഞ്ഞൂറും ആയിരവുമൊക്കെ ഒരുരാത്രി പ്രഖ്യാപനം കഴിഞ്ഞതോടെയാണല്ലോ കടലാസ് വില പോലുമില്ലതെ അനാഥരായത്.
അധികമാലോചിക്കാന്‍ സമയം കിട്ടിയില്ല,ആഗതര്‍ പൂ മുഖത്തെത്തി. ''ഷണ്‍മുഖന്‍ സാറല്ലേ.'' അവരിലൊരാള്‍ ചോദിച്ചു. എന്താണവരുടെ ഉദ്ദേശമെന്ന് പിടികിട്ടിയില്ലെങ്കിലും ഷണ്‍മുഖന്‍ സാറാണെന്ന കാര്യം ഞാന്‍ സമ്മതിച്ചു. ''സാറെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ് വന്നത്''. മറ്റെയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. അവരുടെ പരുങ്ങല്‍ കണ്ടപ്പോള്‍ സാറൊന്ന് സംശയിച്ചു. പുതിയ ഭീകര പ്രസ്ഥാനം വല്ലതുമുണ്ടാക്കി അതിന്റെ രക്ഷാധികാരിയാക്കാനുള്ള് പ്‌ളാന്‍ വല്ലതുമാണോ?
''ഞങ്ങളിവിടുത്തെ 'സാഹിത്യ നഭോ മണ്ഡല' ത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമാണ്. സാറിന് ഒരവാര്‍ഡ് തരാമെന്ന് കരുതി വന്നതാണ്'' പ്രസിഡന്റ് പറഞ്ഞു.
തനിക്കും അവാര്‍ഡോ, ഷണ്‍മുഖന്‍ സാര്‍ തല കറങ്ങി വീണില്ലെന്നേയുള്ളൂ. ഏതു വകുപ്പിലാണ് അവാര്‍ഡെന്നറിയില്ല. അത്ര വലിയ എഴുത്തുകാരനൊന്നുമല്ല. നല്ല ഗൃഹനാഥന്‍ പോലുമല്ലെന്നാണ് ഭാര്യയുടെ അഭിപ്രായം. ഭാര്യയുമായി പത്തിരുപത് വര്‍ഷം കഴിഞ്ഞു കൂടിയതിന് വല്ല 'സഹനശക്തി' പുരസ്‌കാരം തരാനാണെങ്കില്‍ പിന്നെയും വകുപ്പുണ്ട്.
''അതിന് അവാര്‍ഡ് കിട്ടേണ്ട കാര്യമൊന്നും ഞാന്‍ ചെയ്തിട്ടില്ലലോ..'' ഷണ്‍മുഖന്‍ സാര്‍ ചോദിച്ചു. ''അതിന് പ്രത്യേകിച്ച് കാര്യമൊന്നും ചെയ്യേണ്ടതില്ല. അവാര്‍ഡുകള്‍ കൂടുതല്‍ ജനകീയവല്‍ക്കരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സാറ് എപ്പോഴെങ്കിലും വല്ല കഥയോ കവിതയോ എഴുതിയിട്ടുണ്ടോ?'' സെക്രട്ടറി ചോദിച്ചു.
''ഇടയ്ക്ക് എഴുതുമായിരുന്നു. ഒരു ദിവസം കൈയെഴുത്ത് പ്രതികളെല്ലാം കൂടി ഭാര്യ എടുത്ത് ആക്രിക്കടക്കാരന് കൊടുത്ത് കാശ് വാങ്ങി..അങ്ങനെയെങ്കിലും ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാകട്ടെ എന്നാണ് അവള്‍ പറഞ്ഞത്..'' ഷണ്‍മുഖന്‍ സാര്‍ ദു:ഖത്തോടെ പറഞ്ഞു. ''എങ്കിലും അവള്‍ കാണാതെ വെച്ചിട്ടുള്ള മൂന്നു നാല് കവിതകളിരിപ്പുണ്ട്''.
''അതു തന്നെ ധാരാളം. ഇനി ഒന്നുമില്ലെങ്കില്‍ സാറിന്റെ പേരു വെച്ച് എഴുതിത്തരാനും ആളുണ്ട്' പ്രസിഡന്റ് പറഞ്ഞു. ''ഏതായാലും ഇത്തവണത്തെ ഞങ്ങളുടെ കാവ്യശ്രീ അവാര്‍ഡ് സാറിന് തന്നെ''. സെക്രട്ടറി പ്രഖ്യാപിച്ചു. ഷണ്‍മുഖന്‍ സാറിന് സന്തോഷമായി. ഓര്‍ക്കാപ്പുറത്താണ് ഒരവാര്‍ഡ് കിട്ടിയത്. ഇറങ്ങാന്‍ നേരം സെക്രട്ടറി പറഞ്ഞു.
''പിന്നെ സാറേ അറിയാമല്ലോ പരിപാടിക്കെല്ലാം കൂടി കുറച്ചു ചിലവു വരും. അയ്യായിരം രൂപയെങ്കിലും തന്ന് സാറ് സഹായിക്കണം..''
അവാര്‍ഡ് കുരുക്കില്‍ പെട്ടു പോയില്ലേ, എന്തെങ്കിലും പറയാന്‍ പറ്റുമോ?
അവാര്‍ഡ് കിട്ടുമ്പോള്‍ കാശ് ഇങ്ങോട്ട് കിട്ടുമെന്നാണ് കേട്ടിട്ടുള്ളത്.. അങ്ങോട്ട് കൊടുക്കുന്നതിനെപ്പറ്റി ഷണ്‍മുഖന്‍ സാര്‍ ആദ്യമായി കേള്‍ക്കുകയാണ്. ങ്ഹാ,സാരമില്ല അവാര്‍ഡിന്റെ പേരില്‍ ഫ്‌ളക്‌സ് വെക്കുന്നതും സ്വീകരണം കിട്ടുന്നതുമായ കാര്യങ്ങളോര്‍ത്ത് സാറ് പുളകം കൊണ്ടു. അഡ്വാന്‍സായി കൈയിലിരുന്ന കാശ് തപ്പിപ്പെറുക്കിക്കൊടുത്തു.
''ലാസ്റ്റ് ഇന്‍സ്റ്റാള്‍ തന്നു കഴിയുമ്പോള്‍ അവാര്‍ഡ് പ്രഖ്യാപിക്കും. സാറിന്റെ കുറച്ചു ഫോട്ടോയും വേണം പത്രത്തില്‍ കൊടുക്കാനാ..''
പ്രസിഡന്റും സെക്രട്ടറിയും യാത്ര പറഞ്ഞിറങ്ങി. അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോഴാണ് രസം. ഷണ്‍മുഖന്‍ സാറിനോടൊപ്പം വേറെ പലര്‍ക്കും കാവ്യശ്രീ അവാര്‍ഡുകള്‍! സാര്‍ അങ്ങോട്ട് അവാര്‍ഡ് വിവരം പറയാന്‍ വിളിച്ച പലരും ഇങ്ങോട്ട് പറഞ്ഞു.
''സാറേ,എനിക്കുമുണ്ട് കാവ്യശ്രീ അവാര്‍ഡ്..'' ഇതെന്തു മറിമായം. പുറത്തിറങ്ങിയാല്‍ കാവ്യശ്രീ അവാര്‍ഡ് കിട്ടിയവരുടെ തിരക്കു കൊണ്ട് വഴി നടക്കാന്‍ പറ്റാത്ത സ്ഥിതി!
സാഹിത്യ നഭോമണ്ഡലംകാരെ വിളിച്ച് കാര്യം തിരക്കി. ''സാറേ ഡല്‍ഹിയിലുള്ള ഒരു സംഘടനയുടെ കേരള ഘടകമാണ് ഞങ്ങളുടേത്. ഡല്‍ഹിയില്‍ വെച്ചാണ് അവാര്‍ഡ് വിതരണം. ഏതായാലും ഡല്‍ഹിക്ക് പോകണം. ഒരു കോച്ച് ബുക്ക് ചെയ്താണ് എല്ലാ വര്‍ഷവും പോകുന്നത്. കോച്ച് ഫുള്ളാകാനുള്ള ആള്‍ക്കാര്‍ വേണ്ടേ? അതിനു വേണ്ടിയാണ് പല സ്ഥലങ്ങളിലായി ഇത്രയും പേര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നത്.'' പ്രസിഡന്റ് കാര്യം വിശദീകരിച്ചു.
അതായത് ഓരോ വര്‍ഷവും ഓരോ കോച്ച് അവാര്‍ഡ് ജേതാക്കള്‍! ഡല്‍ഹിയിലെ സംഘടനയായത് കൊണ്ട് വേറെ സ്റ്റേറ്റില്‍ നിന്ന് വരുന്നവര്‍ വേറെയും കാണും. പലതരം സമ്മേളനങ്ങളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അവാര്‍ഡ് ജേതാക്കളുടെ ദേശീയ സമ്മേളനത്തെപ്പറ്റി ആദ്യം കേള്‍ക്കുകയാണ്.
ഏതായാലും പോയാല്‍ ക്യൂ നിന്ന് അവാര്‍ഡും വാങ്ങി വരാം. അങ്ങനെ നാണം കെട്ട് അവാര്‍ഡ് വാങ്ങേണ്ടെന്ന് തീരുമാനിച്ചു. ഈ അവാര്‍ഡ് തിരിച്ചു കൊടുക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോയെന്ന് തിരക്കിക്കൊണ്ടിരിക്കുകയാണ് ഷണ്‍മുഖന്‍ സാറിപ്പോള്‍..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."