പിണറായി കൂട്ടക്കൊല: അന്വേഷണസംഘം കൊടുങ്ങല്ലൂരില്‍
തലശ്ശേരി: പിണറായി പടന്നക്കരയില്‍ അച്ഛനെയും അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ തുടരന്വേഷണത്തിനായി മൂന്നംഗ അന്വേഷണസംഘം കൊടുങ്ങല്ലൂരിലെത്തി. സൗമ്യയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശിയായ കിഷോറിന്റെ കൊടുങ്ങല്ലൂരിലെ വീട് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് സംഘമെത്തിയത്.
ആറു വര്‍ഷം മുന്‍പ് സൗമ്യയുമായി ബന്ധം ഉപേക്ഷിച്ച കിഷോറിനെ തലശ്ശേരിയിലെത്തിച്ച് സി.ഐ കെ.ഇ പ്രേമചന്ദ്രന് ദീര്‍ഘനേരം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇളയമകള്‍ കീര്‍ത്തനയുടെ മരണത്തില്‍ പങ്കില്ലെന്നാണ് കിഷോറും സൗമ്യയും ചോദ്യംചെയ്യലിനിടെ ആവര്‍ത്തിച്ചത്.
കൊടുങ്ങല്ലൂരില്‍ കിഷോര്‍ ജോലി ചെയ്തസ്ഥലത്തും താമസിക്കുന്ന സ്ഥലത്തുമെല്ലാം സംഘം അന്വേഷണം നടത്തും. നേരത്തെ കിഷോറിന്റെ പ്രേരണയില്‍ താന്‍ വിഷം കഴിച്ചിരുന്നുവെന്ന് സൗമ്യ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ കിഷോര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ഈ മൊഴികള്‍ സത്യമാണോയെന്നതും പൊലിസ് പരിശോധിക്കും. മകള്‍ ഐശ്വര്യയെ വിഷം കൊടുത്തുകൊന്ന കേസില്‍ ഇന്ന് സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സി.ഐ പ്രേമചന്ദ്രന് പറഞ്ഞു. സൗമ്യയുടെ അച്ഛന് കുഞ്ഞിക്കണ്ണനെയും അമ്മ കമലയെയും കൊലപ്പെടുത്തിയ കേസിലാണ് സൗമ്യ റിമാന്‍ഡിലായത്. അതിനിടെ, സൗമ്യയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ പ്രമുഖ അഭിഭാഷകന് ബി.എ ആളൂര്‍ ഇന്നെത്തും. കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ കഴിയുന്ന സൗമ്യയെ കണ്ട് വക്കാലത്തില്‍ ഒപ്പ് വാങ്ങി കോടതിയില്‍ സമര്‍പ്പിക്കാനാണ് ആളൂര്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."