മഹാമാരി പിടിച്ചുകെട്ടാന്‍ നടപടിയുമായി ഇറ്റലി
റോം/ലണ്ടന്‍: മഹാമാരി ഏറ്റവും കൂടുതല്‍ പിടികൂടിയ ഇറ്റലി രോഗം പിടിച്ചു നിര്‍ത്താന്‍ അവസാന ശ്രമവുമായി രംഗത്ത്. രാജ്യത്ത് അയ്യായിരത്തിലധികം ആളുകള്‍ മരിക്കുകയും അമ്പതിനായിരത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെയും തുടര്‍ന്നാണ് കടുത്ത നടപടികളുമായി ഇറ്റലി രംഗത്ത് എത്തിയത്. രോഗവ്യാപനം തടയാനായി ഇറ്റലിയില്‍ അനാവശ്യമായ യാത്രകളൊക്കെ നിരോധിച്ചു. കൂടാതെ വസ്ത്രവ്യാപാരം, ഫര്‍ണിച്ചര്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള എല്ലാവിധ ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. രാജ്യം വൈറസുമായുള്ള യുദ്ധത്തിലാണ്. സ്വന്തം സൈന്യം, സഖ്യകക്ഷികളുടെ സഹായം എന്നിങ്ങനെ രണ്ടുതരത്തിലാണ് ഓരോ യുദ്ധവും വിജയിക്കുന്നത്. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡൊമനികോ ആര്‍കൂരി പറഞ്ഞു.കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയേക്കാള്‍ ഉയര്‍ന്ന മരണനിരക്കാണ് ഇറ്റലിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ലണ്ടനില്‍ തെരുവില്‍ അന്തിയുറങ്ങുന്ന ഭവനരഹിതരെ സുരക്ഷിതരാക്കുന്നതിന് 300 ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്ത് ലണ്ടന്‍ മേയര്‍. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെയാണ് മേയര്‍ സാദിഖ് ഖാന്‍ മാതൃകാപരമായ നടപടിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ലണ്ടനിലെ നഗര ഭരണകാര്യാലയവും ഭവന മന്ത്രാലയവുമായും കൂടിയാലോചിച്ചാണ് നടപടികള്‍ കൈക്കൊണ്ടത്.
മേയര്‍ക്ക് പിന്തുണയുമായി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും(ഐ.എച്ച്.ജി), ബ്ലാക് കാബ് ഡ്രൈവര്‍മാരും സജീവമാണ്. അടുത്ത 12 ആഴ്ചത്തേക്ക് രണ്ടു ലണ്ടന്‍ ഹോട്ടലുകളില്‍ ഐ.എച്ച്.ജി റൂമുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഫ്രീനോ, ഗെറ്റ് എന്നീ ആപ്പുകളുടെ സഹായത്തോടെ ബ്ലാക് കാബ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം. റൂമുകള്‍ക്ക് മിതമായ നിരക്കാണ് ഹോട്ടല്‍ ഉടമകളും ഈടാക്കുന്നത്.
സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തിയ തെരുവുകളില്‍ കഴിയുന്നവരെ റൂമുകളിലേക്ക് മാറ്റിക്കഴിഞ്ഞു. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതരായ ആളുകളുള്ളത് ലണ്ടനിലാണ്. കൊറോണ വൈറസിന്റെ വ്യാപനത്തെ കൂടുതല്‍ നേരിടുന്നതും ലണ്ടനാണ്. കൊവിഡ് -19 വ്യാപനത്തെ തുടക്കത്തില്‍ അശ്രദ്ധമായി കൈകാര്യം ചെയ്ത ബ്രിട്ടനില്‍ വൈറസ് ബാധയെ തുടര്‍ന്ന് 281 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.
ആളുകളോട് സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശിച്ച പ്രധാനമന്ത്രി, വ്യക്തികള്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലം പാലിക്കണമെന്നും ഭക്ഷണശാലകളും പബ്ബുകളും അടച്ചിടാനും നിര്‍ദേശിച്ചിരുന്നു. അതേസമയം, ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും എല്ലാ ഷോപ്പുകളും അടച്ചിടാന്‍ മക്‌ഡൊനാല്‍ഡും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."