പാതിവഴിയില്‍ നിലച്ച ആദിവാസി യുവാവിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ജനമൈത്രി പൊലിസ്
മാനന്തവാടി: പാതിവഴിയില്‍ നിലച്ചുപോയ ആദിവാസി യുവാവിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ജനമൈത്രി പോലീസ് സഹായം. മാനന്തവാടി കൂവളമൊട്ടം കുന്ന് അടിയ കോളനിയിലെ രാജീവനും കുടുംബത്തിനുമാണ് മാനന്തവാടി പൊലീസിന്റെ സഹായ ഹസ്തത്താല്‍ വീടെന്ന സ്വപ്നം പൂവണിഞ്ഞത്. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം രാജിവനു വീട് അനുവദിച്ചിരുന്നു. അന്ന് തുച്ചമായ തുകയായതിനാല്‍ വീട് നിര്‍മാണം പൂര്‍ത്തികരിക്കാന്‍ രാജിവനു കഴിഞ്ഞതുമില്ല.
ചുമര് പൊക്കത്തില്‍ വീട് പണി നിലച്ചതോടെ സമീപത്ത് ഷെഡിലായിരുന്നു രാജിവനും ഭാര്യ ഗീതയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജിവന്റെ മകള്‍ പഠിക്കുന്ന ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ എസ്.പി.സി കേഡറ്റുകളാണ് ഇവരുടെ കാര്യം ജനമൈത്രി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാനന്തവാടി സിഐ ടി.എന്‍. സജീവ്, എ.എസ്.ഐ സി.വി. പ്രകാശന്, സിവില്‍ പൊലീസ് ഓഫീസര്‍ എന്‍. ബഷീര്‍, എന്നിവരുടെ നേതൃത്വത്തില്‍ വീട് പണിക്കുള്ള സാമഗ്രികള്‍ വാങ്ങിച്ചു നല്കി. നിര്‍മാണ ജോലി അറിയാവുന്ന രാജീവ് ഭാര്യയുടെയും പിതാവിന്റെയും സഹായത്തോടെ പണി പൂര്‍ത്തികരിക്കുകയും ചെയ്തു. വീടിന്റെ പാലു കാച്ചല് ചടങ്ങ് അടുത്ത ദിവസം ജില്ലാ പോലീസ് ചീഫ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."