പീഡനം: നവജാത ശിശുവിനെ ദത്തു നല്‍കിയത് വിവാദത്തില്‍
കോഴിക്കോട്: പീഡനത്തിനിരയായതിനെ തുടര്‍ന്ന് പ്രസവിച്ച വയനാട്ടിലെ പ്ലസ് ടുകാരിയുടെ നവജാത ശിശുവിനെ ദത്തുനല്‍കാന്‍ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അനുമതി നല്‍കിയത് വിവാദത്തില്‍. സംഭവത്തില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ശിശുക്ഷേമ സമിതിക്കു ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
കെ.സി.വൈ.എം മുന്‍ ഭാരവാഹിയായ സിജോ ജോര്‍ജാണ് (23) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. ഇയാളെ കല്‍പ്പറ്റ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
പ്രായപൂര്‍ത്തിയായെന്ന് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോം അധികൃതരെയും ആശുപത്രി അധികൃതരെയും മാതാപിതാക്കള്‍ തെറ്റിദ്ധരിപ്പിച്ചാണ് അവിടെ പ്രവേശനം നേടിയതെന്നാണ് സൂചന.
2016 ഡിസംബര്‍ 28-നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. ആദ്യം ബീച്ചാശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വീട്ടുകാരുടെ താല്‍പര്യപ്രകാരം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 28-നു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജായി സെന്റ് വിന്‍സെന്റ് ഹോമില്‍ എത്തി. കുഞ്ഞിനെ അവിടെ ഏല്‍പിക്കുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. കുഞ്ഞിനെ വേണ്ട എന്ന നിലപാടാണ് പെണ്‍കുട്ടിയും മാതാവും സ്വീകരിച്ചത്.
ഇതേത്തുടര്‍ന്നാണ് കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചതെന്ന് സെന്റ് വിന്‍സെന്റ് ഹോം ഡയറക്ടര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ അവര്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
അതിനുശേഷമാണ് ദത്തെടുക്കല്‍ നടപടി ക്രമങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കുട്ടിയുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. തുടര്‍ന്ന് നിയമപരമായി ദത്തെടക്കലിനു തടസമില്ലെന്ന സര്‍ട്ടിഫിക്കറ്റിന് കോഴിക്കോട് സി.ഡബ്ല്യു.സിക്കു സെന്റ് വിന്‍സെന്റ് ഹോം അധികൃതര്‍ അപേക്ഷ നല്‍കി. ഈ മാസം രണ്ടിനു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്‍കുകയും ചെയ്തു. അവര്‍ അത് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച് ദത്തു നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം വിവാദമായതോടെ ഇന്നലെ ദത്തെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ ഈ സ്ഥാപനത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലിസ് കോഴിക്കോട് അനാഥാലയത്തിലെത്തി മൊഴിയെടുത്തു. നവജാത ശിശുവിനെ സംരക്ഷിച്ചിരിക്കുന്ന കോഴിക്കോട് സെന്റ് ബെര്‍നഡേറ്റ് ഹോം ഫോര്‍ വുമണിലെത്തിയാണ് കല്‍പ്പറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."