ഓട്ടമില്ലാതെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍
തിരുവനന്തപുരം: കൊവിഡ്- 19 ബാധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിപണിയും. രോഗഭീഷണിയില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലെ റസ്റ്റോറന്റുകള്‍ പലതും ഓര്‍ഡറുകള്‍ എടുക്കാതായി.
പാചകം ചെയ്തിരുന്നവരും മറ്റു ജീവനക്കാരും നാടുകളിലേക്കു മടങ്ങിതോടെ ഹോട്ടലുകള്‍ പലതും പൂട്ടി. ഇതോടെ ധാരാളം ഓര്‍ഡറുകള്‍ ലഭിച്ചിരുന്ന അവധി ദിവസങ്ങളില്‍ പോലും വിരലിലെണ്ണാവുന്ന ഓഡറുകള്‍ മാത്രമാണ് ലഭിക്കുന്നതെന്ന് വിതരണക്കാര്‍ പറയുന്നു. ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയിരുന്ന ആപ്പുകളില്‍ പലതിലും ഭക്ഷണം ഓഡര്‍ ചെയ്യാന്‍ ഹോട്ടലുകള്‍ തന്നെ കുറവാണ്. കോംബോകള്‍ക്കും സ്‌പെഷ്യല്‍ ഡിഷുകള്‍ക്കും വില്‍പ്പനയില്ലാതായതോടെ ഇതൊന്നും ഹോട്ടലുകളില്‍ പാചകം ചെയ്യാറില്ല. ഇതോടെ സാധാരണ ഭക്ഷണങ്ങള്‍ക്കു മാത്രമാണ് ഓര്‍ഡറുകള്‍ വരുന്നത്.
ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികളും ജോലിക്കാരും നാടുകളിലേക്കു മടങ്ങിയതോടെ ഓര്‍ഡറുകള്‍ ഫ്‌ളാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും മാത്രമാണ് വരുന്നതെന്ന് വിതരണക്കാര്‍ പറയുന്നു. ഓര്‍ഡറുകള്‍ വ്യാപകമായി ലഭിച്ചുകൊണ്ടിരുന്ന വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ലാതായതും വിതരണക്കാര്‍ക്കു തിരിച്ചടിയായി. ഓര്‍ഡറുകള്‍ കുറഞ്ഞതോടെ ഡെലിവറി ജീവനക്കാരും വീടുകളിലേക്ക് ഒതുങ്ങിത്തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."