ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും അമേഠിയില്‍ കുടുങ്ങിക്കിടക്കുന്നു
ഹരിപ്പാട്: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തിലെ 19 മലയാളി വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും യു.പിയിലെ അമേഠിയിലെ നവോദയ വിദ്യാലയത്തില്‍ കുടുങ്ങിക്കിടക്കുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുറത്തിറങ്ങാനാവാതെ സ്‌കൂള്‍ ഹോസ്റ്റലിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടുകയാണിവര്‍.
11 ആണ്‍കുട്ടികളും എട്ടു പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. ഇവരില്‍ മൂന്നു പേര്‍ക്ക് മുണ്ടിനീര് പിടിപെട്ടിട്ടുമുണ്ട്.
വിദ്യാലയ കാമ്പസിനുള്ളില്‍ അലഞ്ഞുനടക്കുന്ന നായ്ക്കളില്‍ ചിലത് സാംക്രമിക രോഗങ്ങളാല്‍ വായില്‍ നിന്ന് നുരയും പതയും വന്ന് ചത്തുകിടന്നിട്ട് ആരും മറവുചെയ്യാത്ത അവസ്ഥയാണ്. ഇതൊക്കെ കണ്ട് കുട്ടികള്‍ ആകെ ഭയവിഹ്വലരാണ്.
കുട്ടികള്‍ അവിടെ സുരക്ഷിതരാണെന്ന് വിദ്യാലയ അധികൃതര്‍ പറയുന്നുണ്ടെങ്കിലും കൊവിഡ്- 19 അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കു സ്വന്തം വീട്ടിലും നാട്ടിലും കിട്ടുന്ന സുരക്ഷിതത്വവും പരിചരണവും അവിടെ കിട്ടുമോ എന്ന ആശങ്കയിലാണ് രക്ഷാകര്‍ത്താക്കള്‍. ഇവരെ സുരക്ഷിതരായി എപ്പോള്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നുള്ള കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല.
വിദ്യാഭ്യാസ കൈമാറ്റ പദ്ധതിയനുസരിച്ച് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ നിര്‍ബന്ധമായും അന്യസംസ്ഥാനങ്ങളിലെ ഭാഷയും സംസ്‌കാരവും മനസിലാക്കണമെന്നതിനാലാണ് കഴിഞ്ഞ ജൂണ്‍ മാസം ആദ്യം ഇവര്‍ അമേഠിയിലെ ഗൗരീഗഞ്ച് സ്‌കൂളിലേക്കു പോയത്. ഡിസംബറില്‍ ക്രിസ്മസ് അവധിക്കു വന്ന് ജനുവരിയിലാണ് തിരിച്ചുപോയത്.
മാര്‍ച്ച് 20ന് ഇവരുടെ വര്‍ഷാവസാന പരീക്ഷയും കഴിഞ്ഞു.
21ന് നാട്ടിലേക്കു തിരിക്കാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതുമാണ്. അതിനിടയിലാണ് കൊവിഡ് കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
ട്രെയിനുകള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ വിമാനത്തില്‍ യാത്രതിരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നവോദയ വിദ്യാലയ സംഘടന്‍ കമ്മിഷണറുമായി ബന്ധപ്പെട്ടെങ്കിലും കുട്ടികള്‍ സുരക്ഷിതരാണെന്ന മറുപടിയാണ് ലഭിച്ചത്. എപ്പോള്‍ കുട്ടികളെ നാട്ടിലെത്തിക്കുമെന്നതിനു വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
എത്രയും വേഗം കുട്ടികള്‍ സുരക്ഷിതരായി നാട്ടിലെത്താനുള്ള പ്രാര്‍ത്ഥനയിലാണ് രക്ഷിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."