ആദിവാസി വിഭാഗങ്ങളുടെ ഭൂമി-ഭവന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ പരിഹാരം കണ്ടെത്തും: മന്ത്രി ബാലന്‍
തരൂര്‍: ആദിവാസി വിഭാഗങ്ങളുടെ ഭൂമി, ഭവനം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പട്ടികജാതി വിഭാഗക്കാരുടെ സമാനപ്രശ്‌നങ്ങള്‍ മൂന്നുവര്‍ഷത്തിനകം തന്നെ പരിഹരിക്കും. 2016-17 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരുകോടി രൂപയുടെ ചേലക്കാട് കുന്ന് കോളനി സമഗ്രവികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം തരൂര്‍ ഗ്രാമപഞ്ചായത്തിലെ ചേലക്കാട് കുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ്കുമാര്‍ അധ്യക്ഷനായി. പിന്നാക്കവിഭാഗക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ കേന്ദ്രീകരിച്ചുള്ള പ്രശ്‌നങ്ങളിലാവും തുടര്‍ന്നുള്ള ഇടപെടല്‍. ഇത്തരത്തില്‍ പിന്നാക്കവിഭാഗക്കാര്‍ക്ക് ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കിയുള്ള സുസ്ഥിര വികസനപ്രവര്‍ത്തനമാവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. പഠനത്തിന് തടസമാകും വിധം പരിമിതികളുള്ള ഭവനങ്ങളിലെ പട്ടികജാതി വിഭാഗക്കാരായ കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപ ചിലവില്‍ വീടിനോടനുബന്ധിച്ച് പഠനമുറി നിര്‍മിച്ച് നല്‍കിവരുന്നുണ്ട്. പട്ടികവര്‍ഗ വിഭാഗക്കാരായ കുട്ടികള്‍ക്ക് കോളനികളെ അടിസ്ഥാനമാക്കി കമ്മ്യൂനിറ്റി പഠനമുറി സൗകര്യമൊരുക്കും. താത്പര്യമുള്ള സമയത്ത് വിനിയോഗിക്കാന്‍ കഴിയുന്ന കമ്മ്യൂനിറ്റി പഠനമുറിയില്‍ അധ്യാപകരുടെ സേവനവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
പഠിച്ചിറങ്ങുന്ന പിന്നാക്കക്കാരായ കുട്ടികള്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പാക്കാന്‍ വടക്കഞ്ചേരിയിലേതിന് സമാനമായ തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍ പരിഗണനയിലുണ്ട്. ഈ വിഭാഗക്കാര്‍ക്ക് വിദേശത്ത് സ്‌പോണ്‍സര്‍മാര്‍ മുഖേന അനുയോജ്യമായ തൊഴില്‍ നല്‍കും. വിദേശത്ത് പോകാന്‍ ഫ്‌ളൈറ്റ്, വിസ, ചിലവ് ഇനത്തില്‍ ഒരുലക്ഷം രൂപ അനുവദിക്കും. വിദേശത്തെ അംഗീകൃത സര്‍വകലാശാലകളില്‍ സംസ്ഥാനത്ത് നിലവിലില്ലാത്ത കോഴ്‌സുകള്‍ ചെയ്യാന്‍ പിന്നാക്കവിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. തരൂര്‍ ഗ്രാമപഞ്ചായത്തില്‍ 88 കുടുംബങ്ങള്‍ പാര്‍ക്കുന്ന ചാലക്കാട് കുന്ന് കോളനിയില്‍ ഒരുകോടി രൂപയുടെ സമഗ്രവികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക.
60 പട്ടികജാതി കുടുംബങ്ങളാണ് കോളനിയില്‍ ഉളളത്. സംരക്ഷണഭിത്തിക്ക് 14,70,000, റോഡ് കോണ്‍ക്രീറ്റിംഗിന് 13,10,000, കമ്മ്യൂനിറ്റി ഹാള്‍ നിര്‍മാണത്തിന് 23,30,000, അഴുക്കുചാല്‍ നിര്‍മാണത്തിന് 5,00,000, കിണര്‍ അറ്റകുറ്റപ്പണിക്ക് 70,000, വീട് അറ്റകുറ്റപ്പണികള്‍ക്ക് 13,00,000, പ്രവേശനകവാടം നിര്‍മാണത്തിന് 85,000, വാട്ടര്‍ ടാങ്കിനുള്ള പ്ലാറ്റ്‌ഫോം നിര്‍മാണത്തിന് 5,47,000, വാട്ടര്‍ ടാങ്ക് പ്ലംബിങ് വര്‍ക്കിന് 20,000, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 27,000 എന്നിങ്ങനെയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പത്തുമാസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, തദ്ദേശസ്ഥാപന ജനപ്രതിനിധികളായ എം.ആര്‍ വത്സലകുമാരി, ലീലാ മാധവന്‍, ടി. വാസു, മുഹമ്മദ് ഹനീഫ, റംലത്ത്, ജില്ലാ നിര്‍മിതികേന്ദ്രം പ്രൊജക്ട് എന്‍ജിനീയര്‍ കെ.വി ജയദേവന്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ വി. സജീവ് തരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുബ്രഹ്മണ്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."