ഭിന്നശേഷിയുള്ള കുഞ്ഞു റസല്‍ വിത്തിട്ട ജൈവ കൃഷിക്ക് നൂറുമേനി
കൊടുവള്ളി: കുസൃതിനിറയുന്ന ഇളംപ്രായത്തില്‍ കൃഷിയുടെ വിജയപാഠം പകര്‍ന്നുനല്‍കി ഭിന്നശേഷിയുള്ള പത്തുവയസുകാരന്‍ വിസ്മയമാകുന്നു. കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയും പറമ്പത്ത്കാവ് പൊയില്‍ റഹ്മത്തുല്ലയുടെ മകനുമായ റസലാണു വീട്ടിലെ ടെറസില്‍ വിവിധങ്ങളായ പച്ചക്കറികള്‍ വിജയകരമായി വിളയിച്ചു നാട്ടുകാര്‍ക്കു കൗതുകമായത്.
പടവലവും വഴുതിനയും ചുരങ്ങയും ചീരയുമൊക്കെ കുഞ്ഞു കൈ തലോടലില്‍ സമൃദ്ധമായി വളരുന്നുണ്ട്. പിതാവ് റഹ്മത്തുല്ലയുടെ സഹായമുണ്ടെങ്കിലും വിത്തിറക്കുന്നതു മുതല്‍ വളമിടുന്നതിനും വെള്ളമൊഴിക്കുന്നതിനുമെല്ലാം റസലാണു മേല്‍നോട്ടം വഹിക്കുന്നത്. സ്‌കൂളില്‍ പോകുന്നുണ്ടെങ്കിലും സാധാരണ കുട്ടികളെപ്പോലെ പഠിക്കാനോ കൂട്ടുകൂടി നടക്കാനോ റസലിനു കഴിയുന്നില്ല. മകന്‍ ചെറുപ്പം മുതലേ കൃഷിയില്‍ അതീവ താല്‍പര്യം കാണിക്കുന്നുണ്ടെന്നു പിതാവ് പറയുന്നു.
മകന്റെ താല്‍പര്യം കണ്ട് റഹ്മത്തുല്ല വിവിധയിടങ്ങളില്‍ നിന്നു മുന്തിയ ഇനം വിത്തുകള്‍ വാങ്ങി നല്‍കുകയാണു ചെയ്യുന്നത്. ഇതില്‍ കര്‍ണാടകയില്‍ നിന്നു കൊണ്ടുവന്ന മുന്തിരി വള്ളിയും പെടും. ഒരു വര്‍ഷം മുന്‍പ് റസല്‍ നട്ടുവളര്‍ത്തിയ മുന്തിരിവള്ളിയില്‍ ചെറു മുന്തിരിക്കുലകള്‍ കായ്ച്ചിരുന്നു. ഇതു കേട്ടറിഞ്ഞു സമീപപ്രദേശങ്ങളില്‍ നിന്നു നിരവധിപേര്‍ വീട്ടിലെത്തിയിരുന്നതായി കുടുംബക്കാര്‍ പറയുന്നു. റസലിന്റെ കൃഷിയിലെ മിടുക്ക് തിരിച്ചറിഞ്ഞ കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂളിലെ അധ്യാപകര്‍ സ്‌കൂള്‍ അസംബ്ലിയില്‍ പ്രത്യേകം അനുമോദനം ഏര്‍പ്പെടുത്തിയിരുന്നു. 50 ശതമാനത്തിലധികം ബുദ്ധിവൈകല്യമുള്ള റസല്‍ കൃഷിയോടു കാണിക്കുന്ന താല്‍പര്യം ഏറെ സന്തോഷം നല്‍കുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."