പുറത്തൂരിലെ കുടിവെള്ള പദ്ധതികള്‍ 'വെള്ളത്തില്‍'
തിരൂര്‍: പുറത്തൂരിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാനായി പഞ്ചായത്ത് സ്ഥാപിച്ച പൊതുജല സംഭരണിയും ടാപ്പുകളും ഉപയോഗ ശൂന്യം.
കിണറുകളിലും മറ്റ് ജലസ്രോതസുകളിലും ഉപ്പ് കലര്‍ന്ന വെള്ളമായതിനാല്‍ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. ശുദ്ധജല സംഭരണി മുഖേനയുള്ള ജല വിതരണവും നിലച്ചു. ചുറ്റിലും വെള്ളത്താല്‍ മൂടപ്പെട്ട പ്രദേശമായിട്ടും പുറത്തൂര്‍ നിവാസികളായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിക്കാനും കുളിക്കാനും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്. നിലവില്‍ പല പ്രദേശങ്ങളിലും ദിവസങ്ങള്‍ കഴിഞ്ഞാണ് ശുദ്ധജലമെത്തുന്നത്. പൊതുടാപ്പില്‍ നിന്ന് പത്തുകുടം വീതം ഓരോ കുടുംബങ്ങള്‍ക്കും വെള്ളം എടുക്കാമെന്നാണ് നിലവിലെ ധാരണ.
എന്നാല്‍ ആവശ്യത്തിന് ജലം ലഭ്യമല്ലാത്തതിനാല്‍ ലഭ്യമായി രണ്ടു ദിവസത്തിനകം തന്നെ വെള്ളം തീര്‍ന്നു പോകുന്നതാണ് ദുരിതത്തിന് കാരണം.
വെള്ളത്തിനായി അഞ്ചു ദിവസം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് പുറത്തൂര്‍ നിവാസികള്‍. പുഴയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പൊതുജല വിതരണത്തിനായി ടാങ്കും വീടുകളില്‍ കണക്ഷനും പഞ്ചായത്ത് സ്ഥാപിച്ചെങ്കിലും പമ്പുസെറ്റും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടില്ല. മോട്ടോര്‍ സ്ഥാപിക്കാന്‍ ഫണ്ടില്ലാതായതോടെ പല പദ്ധതികളും പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."