മക്ക മസ്ജിദുല്‍ ഹറം പള്ളിയിലെ കവാടങ്ങള്‍ അടയ്ക്കുന്നു പ്രധാന കവാടങ്ങള്‍ മാത്രം തുറക്കും
മക്ക: കൊവിഡ് -19 നെതിരെ സ്വീകരിച്ചുവരുന്ന മുന്‍കരുതല്‍ നടപടികളുടെ തുടര്‍ച്ചയായി മക്ക മസ്ജിദുല്‍ ഹറമിലെ പ്രധാന കവാടങ്ങള്‍ ഒഴികെ ബാക്കി മുഴുവന്‍ കവാടങ്ങളും അടച്ചിടാന്‍ ഉത്തരവ്. കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ആണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. തീര്‍ഥാടകരുടെ സുരക്ഷ ക്കായി മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശമെന്നു ഹറം കാര്യാലയ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച മക്കയിലെയും മദീനയിലെയും പുറംമുറ്റത്തെ എല്ലാ പ്രാര്‍ത്ഥനകളും അധികൃതര്‍ വിലക്കിയിരുന്നു.
അതിനു പുറമെ, മക്ക മസ്ജിദുല്‍ ഹറമിലെയും മദീന മസ്ജിദുന്നബവിയിലേയും മുഴുവന്‍ കാര്‍പെറ്റുകളും എടുത്തുമാറ്റി. അണുബാധ ഉണ്ടാകാതിരിക്കാനും തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരവതാനികള്‍ നീക്കം ചെയ്തത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അണു നശീകരണ നടപടികള്‍ക്കായി പരവതാനി നീക്കിയത്. മക്കയിലെ ഹറം പള്ളിയിലെ ശുചീകരണ തൊഴിലാളികളെ 330 ല്‍ നിന്ന് 450 ആയി ഉയര്‍ത്തിയിട്ടുണ്ട്. മത്വാഫ്, അനുബന്ധ മേഖലകള്‍, എന്നിവിടങ്ങളില്‍ വൃത്തിയാക്കല്‍, ശുചീകരണം, നശീകരണം തുടങ്ങിയവയാണ് പ്രത്യേക സാനിറ്റൈസിങ് സംഘം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."