മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഏപ്രിലില്‍ തുറക്കും
മൂന്നാര്‍: മൂന്നാറില്‍ ഡി.ടി.പി.സി ഒരുക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. ഏപ്രില്‍ ആദ്യവാരത്തോടെ സന്ദര്‍ശകര്‍ക്കായി ഉദ്യാനം തുറന്നുനല്‍കുമെന്ന് സെക്രട്ടറി ജയന്‍ പി വിജയന്‍ പറഞ്ഞു.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലക്ക് ഉണര്‍വേകുന്ന പദ്ധതികളിലൊന്നാണ് ഗവ. കോളജിന് സമീപത്ത് നിര്‍മാണം പൂര്‍ത്തിയാക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. പലവിധ കാരണങ്ങള്‍കൊണ്ട് ഇടയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായെങ്കിലും നിലവില്‍ പണികള്‍ അവസാനഘട്ടത്തിലെത്തി.
മൂന്നുവര്‍ഷം മുന്‍പാണ് ഉദ്യാനത്തിന്റെ നിര്‍മാണം തുടങ്ങിയത്. അഞ്ചു കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ഗാര്‍ഡന്റെ പ്രവര്‍ത്തനങ്ങള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പ്രളയം കാരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ഫണ്ടുകള്‍ നിലയ്ക്കുകയും ചെയ്തു.
ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ ഇടപെടല്‍മൂലമാണ് നിര്‍ത്തിവച്ച പണികള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓപ്പണ്‍ ഓഡിറ്റോറിയം, ഗ്ലാസ് ഹൗസ്, മൂന്ന് ഷോപ്പുകള്‍ എന്നിവയടക്കമാണ് ഗാര്‍ഡനില്‍ നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."