ആശ്വാസമല്ല, തുടരുന്നത് ഭീതി തന്നെ
വാഷിങ്ടണ്‍: ലോകത്തെ വിറപ്പിച്ച് കൊവിഡ് മഹാമാരി വ്യാപിക്കുന്നു. ലോകത്തെ ഏകദേശം എല്ലാ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗം, വിവിധ രാജ്യങ്ങളില്‍ ദിനംപ്രതി മരണം കൂട്ടുന്നുമുണ്ട്. ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങള്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ തുടരുന്ന അവസ്ഥയാണ്. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ മറ്റു രാജ്യങ്ങളിലും കര്‍ശന നിയമനടപടികളാണ് സ്വീകരിക്കുന്നത്. ജര്‍മനിയില്‍ ഇന്നലെ മാത്രം 4,191 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതുതായി 36 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ, ജര്‍മനിയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31,554 ആയി.
ലോകത്താകെ 4,25,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തിലേറെയാളുകള്‍ രോഗവിമുക്തരായതായാണ് ഔദ്യോഗിക കണക്ക്. പത്തൊന്‍പതിനായിരത്തോളം പേരാണ് ലോകത്താകെ രോഗം ബാധിച്ച് മരിച്ചത്.
ഇംഗ്ലണ്ടില്‍ 422 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഒരു ദവസത്തിനുള്ളില്‍ മുന്നൂറിലേറെ പേര്‍ മരിച്ചതോടെ രാജ്യത്തു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ആരോഗ്യരംഗത്തെ സഹായത്തിനായി 1,58,000 വളണ്ടിയര്‍മാരെയാണ് ഇംഗ്ലണ്ട് രംഗത്തിറക്കിയിരിക്കുന്നത്.
ഫ്രാന്‍സില്‍ എത്രപേര്‍ മരിച്ചുവെന്നുപോലും കൃത്യമായി കണക്ക് പുറത്തുവിടാനാകാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. ആശുപത്രികളില്‍വച്ച് മരിച്ചവരുടെ വിവരങ്ങള്‍ മാത്രമാണ് ഫ്രാന്‍സ് പുറത്തുവിടുന്നത്. ആശുപത്രികള്‍ക്കു പുറമേ വീടുകളിലും അല്ലാതെയുമായി നിരവധി പേര്‍ രാജ്യത്തു മരിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തായ്‌ലന്‍ഡില്‍ നിന്ന് വിദേശികള്‍ രാജ്യം വിട്ടു. രാജ്യത്തു ജോലി ചെയ്യുന്ന അറുപതിനായിരത്തോളം വിദേശികളാണ് രാജ്യം വിട്ടത്. ലാവോസ്, കംബോഡിയ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നെത്തി ജോലിയെടുക്കുന്നവരെല്ലാം സ്വദേശത്തേയ്ക്കു തിരികെപ്പോയതായി അധികൃതര്‍ അറിയിച്ചു.
സിംഗപ്പൂരില്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന പൊതുതെരഞ്ഞെടുപ്പ് നീട്ടിവച്ചിട്ടുണ്ട്. നേരത്തെ മറ്റു ചില രാജ്യങ്ങളും ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ആകെ രോഗികളുടെ എണ്ണം 554ല്‍നിന്ന് 709 ആയി ഉയര്‍ന്നു. തായ്‌വാനില്‍ 235 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മലേഷ്യയില്‍ രോഗവ്യാപനത്തെ തുടര്‍ന്ന് നിരോധനാജ്ഞ ഏപ്രില്‍ 14വരെ നീട്ടി. ഇന്നലെ മാത്രം രാജ്യത്ത് 172 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ആകെ കേസുകളുടെ എണ്ണം 1,796 ആയി. 17 പേരാണ് മലേഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
മരണസംഖ്യ ക്രമാതീതമായി ഉയരുന്ന അമേരിക്കയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാമെന്ന വാഗ്ദാനവുമായി ദക്ഷിണ കൊറിയ ഇന്നലെ രംഗത്തെത്തി. ദക്ഷിണ കൊറിയയിലും കൊവിഡ് വ്യാപനം തുടരുകയാണ്. ഇന്നലെ മാത്രം നൂറിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,137 ആയി.
126 പേരാണ് രാജ്യത്തു കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഫിലിപ്പൈന്‍സ്, സ്‌പെയിന്‍, ന്യൂസിലന്‍ഡ്, ഇറ്റലി, ഇറാന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."