പട്ടാമ്പിയില്‍ അഗ്നിശമന സേന യൂനിറ്റ് സ്ഥാപിക്കാന്‍ നടപടിയാകുന്നു
പട്ടാമ്പി: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം പട്ടാമ്പിയില്‍ അഗ്നിശമന സേന യൂനിറ്റ് സ്ഥാപിക്കാന്‍ നടപടിയാവുന്നു. അനുയോജ്യമായ സ്ഥലം ലഭ്യമാവാതിരുന്നതാണ് യൂനിറ്റ് തുടങ്ങുന്നതിന് വിലങ്ങുതടിയായിരുന്നത്.
ഇപ്പോള്‍ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ സ്ഥലം ലഭ്യമാക്കാന്‍ കലക്ടര്‍ നേരിട്ട് ഇടപെട്ടു. കഴിഞ്ഞ ജില്ലാ വികസനസമിതി യോഗത്തിലാണ് ഇക്കാര്യത്തിനായി കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
പട്ടാമ്പിമണ്ഡലത്തില്‍ കൊപ്പത്ത് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ഭൂമിയില്‍നിന്ന് 35 സെന്റ് സ്ഥലം ഫയര്‍സ്റ്റേഷന്‍ കെട്ടിടത്തിനായി നല്‍കാനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വ്യവസായവകുപ്പ് മാനേജറോട് കലക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു.
മൂന്ന് സംസ്ഥാന ബജറ്റുകളില്‍ ഉള്‍പ്പെട്ടിട്ടും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതുമൂലം ഫയര്‍ഫോഴ്‌സ് യൂനിറ്റ് സ്ഥാപിക്കല്‍ നീളുകയായിരുന്നു.
മേലേ പട്ടാമ്പിയില്‍ കൃഷിവകുപ്പിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡിന്റെ ഭൂമിയില്‍നിന്ന് സ്ഥലം ലഭ്യമാക്കാന്‍ മുന്‍പ് ശ്രമം നടത്തിയിരുന്നുവെങ്കിലും കൃഷിവകുപ്പിന്റെ അനുമതി ലഭിച്ചില്ല. പൊതുമരാമത്ത് വകുപ്പിന്റെ ടി.ബി കോമ്പൗണ്ടില്‍ താല്‍കാലികമായി തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും അധികൃതരുടെ അനുമതി ലഭിച്ചില്ല.
പിന്നീട് സ്ഥലത്തിനായി ശ്രമം തുടരുകയായിരുന്നു. പട്ടാമ്പിയില്‍ ഒരു ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ തുടങ്ങുകയെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭാരതപ്പുഴയോടുചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ ഓരോ വര്‍ഷവും മഴക്കാലമായാല്‍ ഒഴുക്കില്‍പ്പെട്ടുള്ള മരണങ്ങള്‍ പതിവാണ്. വേനല്‍ക്കാലത്ത് തീപിടിത്തവും നിത്യസംഭവമാണ്. അപകടങ്ങളുണ്ടായാല്‍ ഷൊര്‍ണൂരില്‍നിന്നോ കുന്നംകുളത്തുനിന്നോ വേണം അഗ്നിശമനസേന ഓടിയെത്താന്‍.
ഷൊര്‍ണൂര്‍ യൂനിറ്റിനുകീഴില്‍ രണ്ട് താലൂക്കുകളടക്കം വലിയ പരിധിയുള്ളതിനാല്‍ സമയത്ത് ഓടിയെത്താനാവാത്ത സ്ഥിതിയാണ്.
ഷൊര്‍ണൂരില്‍നിന്ന് പട്ടാമ്പി താലൂക്കിന്റെ അതിര്‍ത്തിപ്രദേശങ്ങളിലേക്ക് എത്താന്‍ 20 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടതുണ്ട്. ഒരേസമയം പല സ്ഥലങ്ങളില്‍ അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."