സ്ഥലമേറ്റെടുക്കലിന് വേഗമേറുന്നു; ജില്ലയുടെ സ്വപ്നപദ്ധതികള്‍ക്ക് പുതുജീവന്‍
കൊച്ചി: ആമ്പല്ലൂരിലെ ഇലക്‌ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ പാര്‍ക്ക് അടക്കം ജില്ലയുടെ സ്വപ്നപദ്ധതികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി വൈറ്റില കുന്നറ മുതല്‍ പേട്ട വരെയുള്ള വിലനിര്‍ണയവും പ്രഖ്യാപനവും പൂര്‍ത്തിയായതോടെ മറ്റു പദ്ധതികളിലും നടപടികള്‍ ദ്രുതഗതിയിലാക്കുകയാണ് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം.
വിവിധ പദ്ധതികളുടെ വില നിര്‍ണയം സംബന്ധിച്ച ജില്ലാതല സമിതിയുടെ ശുപാര്‍ശ സംസ്ഥാനതല ഉന്നതാധികാര സമിതിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരമായാലുടന്‍ ഭൂമി ഏറ്റെടുക്കലിലേക്ക് ജില്ലാ ഭരണകൂടം കടക്കും. ആമ്പല്ലൂര്‍ ഇലക്‌ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്, മാഞ്ചേരിക്കുഴി പാലം അപ്രോച്ച് റോഡ്, സ്റ്റേഷന്‍ കടവ് പാലം അപ്രോച്ച് റോഡ്, കണ്ണങ്ങാട്ട് വെല്ലിങ്ടണ്‍ ഐലന്‍ഡ് പാലം അപ്രോച്ച് റോഡ്, തമ്മനം പുല്ലേപ്പടി റോഡ് എന്നിവയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശമാണ് സംസ്ഥാനതല സമിതി മുഖേന സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നത്.
തൃക്കാക്കര, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ സ്മാര്‍ട്ട് സിറ്റിയ്ക്കും ഇന്‍ഫോപാര്‍ക്കിനും സമീപം ബന്ധിപ്പിക്കുന്ന മാഞ്ചേരിക്കുഴി പാലത്തിന്റെ അപ്രോച്ച് റോഡിനായി ഒരേക്കറോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പത്തു സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ജില്ലാതല സമിതി നടത്തിയ വിലനിര്‍ണയം സംസ്ഥാനതല സമിതി അംഗീകരിച്ച് സര്‍ക്കാരിന്റെ അന്തിമാംഗീകാരത്തിന് സമര്‍പ്പിച്ചു.
പറവൂര്‍ താലൂക്കില്‍ ചേന്ദമംഗലത്തെയും പുത്തന്‍വേലിക്കരയെയും ബന്ധിപ്പിക്കുന്ന സ്റ്റേഷന്‍കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനായി അധികസ്ഥലം ഏറ്റെടുക്കുന്നതിനും നടപടിയായിട്ടുണ്ട്. പശ്ചിമകൊച്ചിയിലേക്ക് പുതിയ പാത തുറക്കുന്ന വെല്ലിങ്ടണ്‍ ഐലന്‍ഡ് കണ്ണങ്ങാട്ട് പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കലാണ് മറ്റൊന്ന്. പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. അഞ്ച് ഉടമകളില്‍ നിന്നായി 77 സെന്റ് സ്ഥലമാണ് ഇവിടെ അപ്രോച്ച് റോഡിനായി ഏറ്റെടുക്കുക.
ആമ്പല്ലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ ഇലക്‌ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ പാര്‍ക്കിനായി 47.7443 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിലനിര്‍ണയവും പൂര്‍ത്തിയായി. ജില്ലാതല സമിതിയുടെ ശുപാര്‍ശ അന്തിമാംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. തമ്മനം പുല്ലേപ്പടി റോഡ് വീതി കൂട്ടലിനായി 1.59 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാതല സമിതി നിശ്ചയിച്ച വിലയും സംസ്ഥാനതല സമിതി മുഖേന സര്‍ക്കാരിന്റെ പരിഗണനയിലാണ്.
മെട്രോ റെയിലിന്റെ വൈറ്റില പേട്ട റീച്ചില്‍ കുന്നറ മുതല്‍ പേട്ട വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കൂന്നതിന് സെന്റിന് 22.51 ലക്ഷം രൂപയാണ് ജില്ലാതല സമിതി നിശ്ചയിച്ചിരിക്കുന്നത്. 20 വീടുകള്‍ ഉള്‍പ്പെടെ 125 കെട്ടിടങ്ങളാണ് ഏറ്റെടുക്കലിന് വിധേയമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."