ഒടുവില്‍ പ്രവാസിയുടെ മൃതദേഹം സഊദിയില്‍ മറവു ചെയ്തു
#നിസാര്‍ കലയത്ത്
ജിദ്ദ: രണ്ടുവര്‍ഷത്തോളം മോര്‍ച്ചറിയില്‍ ബന്ധുക്കളുടെ കാരുണ്യം കാത്തുകിടന്ന പ്രവാസിയുടെ മൃതദേഹം അവസാനം റിയാദ് നഗരസഭ തന്നെ മറവുചെയ്തു. 2017 മാര്‍ച്ച് 21നായിരുന്നു തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി സീലന്‍ സെബാസ്റ്റ്യന്‍ (52) വീഴ്ചയ്ക്കിടെ തലയ്ക്കു പരുക്കേറ്റ് മരിച്ചത്. ഇന്ത്യന്‍ എംബസിയും മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരും മൃതദേഹം നാട്ടിലേക്കയക്കാനുള്ള രേഖകള്‍ക്കായി നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു രേഖകള്‍ നല്‍കുന്നതു മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നു ആരോപണമുയര്‍ന്നിട്ടുണ്ട്.
സഹോദരീ പുത്രനായിരുന്നു മൃതദേഹം അയക്കാന്‍ പ്രധാന തടസം. അവര്‍ ആവശ്യപ്പെട്ടതുപ്രകാരം സീലന്റെ സര്‍വിസ് മണിയും മറ്റു കുടിശ്ശികകളുമടക്കം നാലു ലക്ഷത്തോളം രൂപ നാട്ടിലേക്ക് അയച്ചുകൊടുത്തിട്ടും മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ബന്ധുക്കള്‍ സഹകരിച്ചില്ലെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
മരണകാരണം അറിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പൊലിസ് രേഖകള്‍ നാട്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ മൃതദേഹം അങ്ങോട്ടയക്കേണ്ടതില്ല എന്നായിരുന്നു അവസാനം മറുപടി ലഭിച്ചത്. ഇതോടെ എംബസിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ വഴിയും പ്രാദേശിക ഭരണകൂടം വഴിയും ബന്ധുക്കളെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. തമിഴ്‌നാട് കെ.എം.സി.സി പ്രവര്‍ത്തകരെ സിദ്ദീഖ് അറിയിച്ചതനുസരിച്ച് അവര്‍ ബന്ധുക്കളുമായി വീണ്ടും സംസാരിച്ചു. ഒടുവില്‍, മൃതദേഹം സഊദിയില്‍ തന്നെ മറവുചെയ്യാന്‍ ബന്ധുക്കള്‍ വാക്കാല്‍ അനുമതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."