കുറ്റിച്ചല്‍ മണ്ഡലം കോണ്‍ഗ്രസില്‍ പ്രസിഡന്റ് സ്ഥാനത്തിനായി തര്‍ക്കം
കാട്ടാക്കട: കോണ്‍ഗ്രസ് കുറ്റിച്ചല്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തിനായി തര്‍ക്കം. ഒരു വിഭാഗത്തിന്റെ പ്രതിഷേധം കാരണം അധികാരമേറ്റെടുക്കല്‍ മാറ്റിവച്ചു. മണ്ഡലം പ്രസിഡന്റ് സ്ഥാനം ഐ വിഭാഗത്തിനാണ്. എന്നാല്‍ മുന്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സന്തോഷ് കുമാറിനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചതിലാണ് കോണ്‍ഗ്രസിലെ ഐ യിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റിനെ പ്രഖ്യാപിച്ചതു മുതല്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. സന്തോഷ് തന്റെ സ്വാധീനം വച്ച് പ്രസിഡന്റ് സ്ഥാനത്ത് എത്തിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ശബരിനാഥന്‍ എം.എല്‍.എ, അരുവിക്കര ബ്ലോക്ക് പ്രസിഡന്റ് സി.ആര്‍ ഉദയകുമാര്‍ എന്നിവര്‍ക്കും പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. അതേസമയം പരാതികള്‍ മുഖവിലക്കെടുക്കാതെയാണ് ഇന്ന് സ്ഥാനാരോഹണം നടത്താന്‍ നിശ്ചയിച്ചത്. അഞ്ചു മണിയോടെ യോഗം തുടങ്ങിയപ്പോള്‍ കെ.എസ് ശബരിനാഥന്‍ എം.എല്‍.എ, മുന്‍ ഡി.സി.സി സെക്രട്ടറി എന്‍. രഞ്ചകുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍. ജയമോഹനന്‍, കുറ്റിച്ചല്‍ വേലപ്പന്‍ എന്നിവര്‍ വേദിയില്‍ ഉണ്ടായിരിക്കെ പ്രതിഷേധവുമായി കുറച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍. ജയമോഹനന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് ഡി.സി.സി ഇടപെട്ട് പ്രശ്‌നത്തിന് രമ്യമായ പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതോടെ പ്രതിഷേധം അവസാനിച്ചു. തുടര്‍ന്ന് ചടങ്ങ് നടക്കുകയായിരുന്നു. പ്രതിഷേധം അക്രമത്തിലേക്ക് പോകുമെന്നു കണ്ട് വന്‍ പൊലിസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."