ഒരു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും 10 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
വാളയാര്‍: പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും 10 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ത്യശ്ശൂര്‍ ചാവക്കാട് അകലാട് മൊയ്തീന്‍ പള്ളി പണിക്ക വീട്ടില്‍ അനസ് (25 )നെയാണ് വാളയാര്‍ എസ്.ഐ അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ നടന്ന കവര്‍ച്ചയിലെ മുഖ്യപ്രതിയാണ് പിടിയിലായത്. ഗള്‍ഫില്‍ കച്ചവടക്കാരനായ ചാവക്കാട് സ്വദേശിയെ പ്രതിയുടെ പെണ്‍സുഹ്യത്തായ ചേറ്റുവ സ്വദേശി റംസിയയെ കൊണ്ട് ഫോണിലൂടെ ബന്ധം സ്ഥാപിപ്പിച്ചിരുന്നു. കഞ്ചിക്കോടാണ് വീടെന്നും വീട്ടിലെ പ്രാരാബ്ദമാണെന്നും എന്തെങ്കിലും ജോലി ശരിയാക്കി തരണമെന്നും പറഞ്ഞാണ് ഫോണ്‍ ചെയ്തിരുന്നത്.
കഴിഞ്ഞ ജൂലായ് മാസത്തില്‍ യുവതിയുടെ വാക്ക് വിശ്വസിച്ച് വാളയാറില്‍ എത്തിയ പരാതിക്കാരന്റെ കാറില്‍ റംസിയ കയറി ഇരിക്കുകയും ഈ സമയത്ത് ഇന്നോവ കാറില്‍ വന്ന പ്രതികള്‍ പരാതിക്കാരന്റെ കാറില്‍ മുന്നില്‍ റംസിയയോടൊപ്പമുള്ള ഫോട്ടോകള്‍ എടുക്കുകയും ഫേസ്ബുക്കിലും മറ്റും ഇടുമെന്ന് ഭീഷണിപ്പെടുത്തി കോയമ്പത്തൂര്‍ ഭാഗത്തേക്ക് തട്ടികൊണ്ടുപോവുകയായിരുന്നു. കോയമ്പത്തൂര്‍ പേരൂരിലുള്ള വീട്ടിലിട്ട് മര്‍ദിച്ച ശേഷം റംസിയയേയും ചേര്‍ത്ത് നിര്‍ത്തി അര്‍ധനഗ്‌ന ഫോട്ടോകള്‍ എടുത്തിരുന്നു.
പിന്നീട് ഭീഷണിപ്പെടുത്തി 10,38,000 രൂപ കൈപ്പറ്റുകയും 80 ലക്ഷം രൂപ വില വരുന്ന സ്വത്തുക്കളുടെ പ്രമാണങ്ങളുണ്ടാക്കി പ്രതികളുടെ ബന്ധുക്കളുടെ പേരില്‍ വില്‍പ്പന നടത്താന്‍ നിര്‍ബന്ധിച്ച് കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വിദേശത്തുള്ള സഹോദരന്‍ മുഖേന വിദേശത്തേക്ക് കടക്കാനിരിക്കെയാണ് വാളയാര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
സമാനമായ രീതിയില്‍ പ്രവാസികളെയും മറ്റും സ്ത്രീകളെ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിരുന്ന തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണ് മുഖ്യപ്രതിയായ അനസ്. കഞ്ചാവ് കേസുള്‍പ്പെടെ ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 25 ലേറെ കേസുകള്‍ നിലവിലുണ്ട്. കേസിലെ മറ്റുപ്രതികളായ മലപ്പുറം വെളിയങ്കോട് സ്വദേശി മുജീബ് റഹ്മാന്‍ എന്ന ദാദ മുജീബ്, റംസിയ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."