ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കരിങ്കല്‍ പടവുകള്‍ പൂര്‍ണമായും തകര്‍ന്നു
പാറശാല: പാറശാല പഞ്ചായത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ദേശീയപാതയോട് ചേര്‍ന്നു കിടക്കുന്ന പൊന്നംകുളം നവീകരണത്തിന്റെ പേരില്‍ അധികാരികള്‍ അഴിമതികാട്ടിയതായി പൊതുജന ആരോപണമുയരുന്നു.
ഒന്നര വര്‍ഷം മുന്‍പ് ഗ്രാമീണ തൊഴിലുറപ്പ് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത്. തുടര്‍ന്ന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുകാരും പാറശാല ഗ്രാമപഞ്ചായത്ത് , ബ്ലോക്ക് എന്നിവയുടെ നേതൃത്വത്തില്‍ 2017-ല്‍ നവീകരണ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പണിയുടെ പ്രാരംഭ ഘട്ടം മുതല്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നവീകരണങ്ങള്‍ക്ക് കാലപ്പഴക്കം വന്ന പടവുകള്‍ നിലനിറുത്തിയാണ് പണി പൂര്‍ത്തീകരിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു.കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായ അഴിമതികള്‍ നടന്നതിന് തെളിവാണ് പണി കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതിന് മുന്‍പ് കരിങ്കല്‍ കെട്ടുകള്‍ തകര്‍ന്നത്. നവീകരണ പ്രവര്‍ത്തനം കഴിഞ്ഞതിനു ശേഷം കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മരണപ്പെട്ടതായും പറയുന്നു.
ചെളി കോരിമാറ്റിയതിലെ അപാകതയാണ് ഇതിനുകാരണമായി നാട്ടുകാര്‍ പറയുന്നത്. പാറശാല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് കുടി വെളളതിനായി ഈ കുളത്തെ ആശ്രയിക്കുന്നത്.
ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാര പ്രദമായ കുളത്തിന്റെ നവീകരണത്തിനു പോലും അധികൃതര്‍ കാട്ടുന്ന അഴിമതികള്‍ പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാറശാല പഞ്ചായത്ത് ഓഫിസിലേയ്ക്ക് വരും ദിവസങ്ങളില്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിവിധ രാഷ്ട്രീയ സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."