കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം അഭിനന്ദനീയം: ദക്ഷിണാഫ്രിക്കന്‍ മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. ഇത്രയും പരിമിതമായ ചുറ്റുപാടില്‍നിന്ന് കേരളം മാതൃകാപരമായ പുരോഗതി കൈവരിച്ചതില്‍ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.
മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം ആരോഗ്യ മേഖലയിലെ സവിശേഷ നേട്ടങ്ങളും സംവിധാനങ്ങളും നേരിട്ടറിയാനാണ് കേരളത്തിലെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഡഗ്ലസ് ന്യൂമാന്‍, ആരോഗ്യ വകുപ്പ് ചീഫ് ഡയറക്ടര്‍ ഡോ. ക്രിഷ് വല്ലാബ്ജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംഘം പഠിക്കും. യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി തുടങ്ങിയവര്‍ പങ്കെടുത്തു.
പാറശാല താലൂക്ക് ആശുപത്രി, പാറശാല ആയുര്‍വേദ ആശുപത്രി, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം, ആയുര്‍വേദ കോളജ് എന്നിവയും സംഘം സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."