വെള്ളം തുറന്നുവിട്ടു; കൃഷിക്ക് ലഭിക്കില്ല
പടിഞ്ഞാറത്തറ: ജില്ലയില്‍ വരള്‍ച്ച കനത്തതോടെ പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാം റിസര്‍വോയറില്‍ നിന്നു വെള്ളം പൊതുജനാവശ്യത്തിനായി തുറന്നുവിട്ടു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ഡാം ഷട്ടറുകളോട് ചേര്‍ന്നുള്ള വാല്‍വ് തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കിയത്. നിലവില്‍ പ്രതിദിനം 25,000 മീറ്റര്‍ ക്യൂബ് വെള്ളമാണ് തുറന്നുവിടാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍ വെള്ളമുപയോഗിച്ച് കൃഷിയിടങ്ങള്‍ നനക്കുന്നതിനുള്‍പ്പെടെ കര്‍ശന നിയന്ത്രണം അതാതു പഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ റിസര്‍വോയറില്‍ 93.75 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണുള്ളത്. വൈദ്യുതി ഉല്‍പാദനത്തിനായി കക്കയത്തേക്കുള്ള ടണല്‍ വഴി വെള്ളം നല്‍കിവരുന്നുമുണ്ട്. മുന്‍വര്‍ഷം ഏപ്രില്‍ അവസാനത്തോടെയാണ് വരള്‍ച്ച രൂക്ഷമായതോടെ വെള്ളം നല്‍കിയത്. മഴ തുടങ്ങുന്നതു വരെ തുടര്‍ച്ചയായി ഇതേ അളവില്‍ വെള്ളം നല്‍കിയിരുന്നു. ഈ വര്‍ഷം നേരത്തെ വെള്ളം നല്‍കേണ്ടിവരുന്നത് വൈദ്യുതി ഉല്‍പാദനത്തെ ബാധിക്കുമെന്നാണ് കരുതുന്നത്. വെള്ളം തുറന്നുവിടുന്നതിലൂടെ പന്തിപ്പൊയില്‍, വാരാമ്പറ്റ, മൊതക്കര, ആറുവാള്‍, പുതുശ്ശേരിക്കടവ് വഴി കടന്നുപോകുന്ന പുഴയുടെ ഇരുകരയിലുമുള്ളവര്‍ക്ക് ദൈനംദിന ആവശ്യത്തിനും കന്നുകാലികള്‍ക്ക് നല്‍കാനും വെള്ളം ലഭിക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."