ഇതര സംസ്ഥാന തൊഴിലാളികള്‍: കൃത്യമായ കണക്കില്ലാതെ തൊഴില്‍ വകുപ്പ്
കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും സുരക്ഷയൊരുക്കാന്‍ കഴിയാതെ അധികൃതര്‍.
ജില്ലയില്‍ എത്ര ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്ന ചോദ്യത്തിന് പലപ്പോഴും ജില്ലാ തൊഴില്‍ വകുപ്പ് കൈ മലര്‍ത്തുകയാണ്. ജില്ലാ പൊലിസിനും തൊഴില്‍ വകുപ്പിനും വ്യത്യസ്ത കണക്കുകളാണുള്ളത്. ഓരോ വര്‍ഷവും ജില്ലയിലേക്ക് കുടിയേറുന്നവര്‍ എത്രയെന്നു ചോദിച്ചാല്‍ പുതിയ നടപടികളുടെ പേരും പറഞ്ഞ് രക്ഷപെടാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നതിന്റെ തെളിവാണ് വ്യത്യസ്തമായ കണക്കുകള്‍.
ഇതരസംസ്ഥാനത്തൊഴിലാളികളുടെ ശരാശരി കണക്കുപോലും അറിയാത്ത ഉദ്യോഗസ്ഥരാണ് ജില്ലാ തൊഴില്‍ വകുപ്പിലുള്ളതെന്നതാണ് രസകരം.പരാതിയില്ലാതെ, യാതൊരു നടപടിയും ചെയ്യാന്‍ തയാറാകാത്ത ഉദ്യോഗസ്ഥരാണ് ജില്ലയില്‍ ഏറെയും. ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോലും വ്യക്തമായ പരിശോധന നടത്താറില്ല. മുന്‍പും ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകള്‍ ഉണ്ടായിട്ടും ജില്ലയില്‍ താമസിക്കുന്ന ഇക്കൂട്ടരുടെ കണക്കുകള്‍ ശേഖരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. യു.വി. ജോസ് ജില്ലാ കലക്ടറായിരിക്കെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
എന്നാല്‍ പിന്നീട് പദ്ധതി പാളുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. ഇതര സംസ്ഥാന തൊഴിലാളികളെ ക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കുന്ന ചുമതല ലേബര്‍ ഓഫിസര്‍ക്കാണെന്ന് ജില്ലാ കലക്ട്ര്‍ വ്യക്തമാക്കുമ്പോള്‍ നിലവില്‍ കണക്കുകള്‍ ശേഖരിക്കുക അപ്രാപ്യമാണെന്നാണ് ലേബര്‍ ഓഫീസര്‍ പറയുന്നത്. ഇത്തരത്തില്‍ പരസ്പരം പഴിചാരി അധികാരികള്‍ കൈയൊഴിയുമ്പോള്‍ അധിക്രമങ്ങളും വര്‍ധിക്കുന്നു. ഇതുവരെ 68 കേസുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെജില്ലയില്‍ ചുമത്തിയിട്ടും വ്യക്തമായ കണക്കുകള്‍ രേഖപ്പെടുത്തുവാന്‍ തൊഴില്‍ വകുപ്പ് തയാറാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പണിയെടുക്കാന്‍ അന്യനാട്ടില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നിരിക്കെയാണ് ഇത്തരത്തില്‍ അധികൃതര്‍ പരസ്പരം പഴിചാരി രക്ഷപെടുന്നത്. വീടുകയറിയുള്ള അക്രമം, മോഷണം, കൊലപാതകങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ഇപ്പോള്‍ പ്രതികളാവുന്നത് ഇക്കൂട്ടരാണ്. എന്നാല്‍ സംഭവമുണ്ടാകുമ്പോള്‍ മാത്രം താത്കാലിക നടപടികള്‍ സ്വീകരിച്ചുകൊണ്ട് അധികൃതര്‍ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുകയാണ്. ഇതര സംസ്ഥാനക്കാരെ ജോലിക്കെടുക്കുമ്പോള്‍ ഇവരുടെ പൂര്‍ണ വിവരങ്ങള്‍ തൊഴില്‍ ദാതാവ് രേഖപ്പെടുത്തണമെന്നിരിക്കെ ഇന്നും പലരും ഇത് പാലിക്കാറില്ല. ജോലി ചെയ്യുന്നവരുടെ കൃത്യമായ എണ്ണം പോലും ഇവര്‍ മറച്ചുവെക്കുന്നു. ഇത്തരം കാര്യങ്ങള്‍ അറിയാവുന്ന തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ വ്യക്തമായ പരിശോധന നടത്താറുമില്ല.
ഇത്തരത്തിലുള്ള അധികൃതരുടെ അനാസ്ഥമൂലം ജില്ലയില്‍ പലയിടങ്ങളിലും സ്ത്രീകളടക്കമുള്ളവര്‍ ഭീതിയോടെയാണ് കഴിയുന്നത്. സമീത്തു താമസിക്കുന്ന ഇവരുടെ പേരുപോലും പലര്‍ക്കും അറിയില്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതും വിരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."