ജീവിക്കാന്‍ വനത്തില്‍ ആനകളോടും ഏറ്റുമുട്ടണം
ധാക്ക: വിവിധ രാജ്യങ്ങളില്‍ ഭരണകൂട ഏജന്‍സികളുടെയും വംശീയവാദികളുടെയും കണ്ണുവെട്ടിച്ചും അതിജീവിച്ചുമാണു കഴിയുന്നതെങ്കില്‍ ബംഗ്ലാദേശിലെ റോംഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കു പൊരുതേണ്ടത് വന്യജീവികളോട്. പ്രത്യേകിച്ച് ആനകളോട് ഏറ്റുമുട്ടിയിട്ടു വേണം ജീവിക്കാന്‍. മ്യാന്‍മറിലെ ബുദ്ധിസ്റ്റ് വംശീയവാദികളില്‍നിന്നു രക്ഷതേടി 73,000 റോഹിംഗ്യകളാണ് ബംഗ്ലാദേശിലെ വിവിധ ക്യാംപുകളില്‍ കഴിയുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കഴിയുന്ന രാജ്യമാണ് ബംഗ്ലാദേശ്. ഇതില്‍ ബംഗ്ലാദേശിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള കോക്‌സ്ബസാര്‍ വനമേഖലയില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്കാണ് ആനകളുമായി ഏറ്റുമുട്ടേണ്ടിവരുന്നത്. ആനകളെ നിരീക്ഷിക്കാനും ഓടിക്കാനുമായി അഭയാര്‍ഥികള്‍ പ്രത്യേക സേനയെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഇവിടെ 570 ആനപ്രതിരോധ സേനാംഗങ്ങളാണുള്ളത്. നീല ടീഷര്‍ട്ടും സൈനിക പാന്റും അണിഞ്ഞു മാറിമാറി അഭയാര്‍ഥി ക്യാംപുകള്‍ക്കു കാവലിരിക്കലാണ് ഇവരുടെ ജോലി. ഇതിനായി ക്യാംപ് അന്തേവാസികള്‍ സേനാംഗങ്ങള്‍ക്കു പ്രത്യേക ശമ്പളവും നിശ്ചയിച്ചിട്ടുണ്ട്.
ആറുമാസത്തിനിടെ 13 റോഹിംഗ്യകളാണ് ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് ആനകളെ തുരത്താനും അവരുടെ വരവറിയിക്കാനുമായി പ്രത്യേക സേനയെ നിയോഗിച്ചത്. രാജ്യാന്തര പ്രകൃതി സംരക്ഷണം സംബന്ധിച്ച ഐ.യു.സി.യും ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സിയും സംയുക്തമായാണു സേനാംഗങ്ങളെ തിരഞ്ഞെടുത്തത്. 100 മീറ്റര്‍ ഓട്ടമത്സരം ഉള്‍പ്പെടെ നടത്തി കായികശേഷിയും ആരോഗ്യവുമുള്ളവരെയാണു സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 95 ടവറുകളൊരുക്കിയാണ് സേനാംഗങ്ങള്‍ ആനകളെ നിരീക്ഷിക്കുന്നത്. മുളകള്‍ കൊണ്ട് തയാറാക്കിയ കുടിലുകളില്‍ 24 മണിക്കൂറും മാറിമാറി സേനാംഗങ്ങള്‍ കാവലിരിക്കും. ആനകളുടെ ആക്രമണമുണ്ടാകുമ്പോള്‍ എങ്ങനെ രക്ഷപ്പെടാമെന്ന് ആനയുടെ രൂപങ്ങളുണ്ടാക്കി അഭയാര്‍ഥികള്‍ക്ക് സേനാംഗങ്ങള്‍ പരിശീലനവും നല്‍കിവരുന്നുണ്ട്.
ബംഗ്ലാദേശില്‍ ഔദ്യോഗിക കണക്ക് പ്രകാരം 268 ആനകളാണുള്ളത്. ഇതില്‍ 15 ശതമാനവും അഭയാര്‍ഥി ക്യാംപുകള്‍ സ്ഥിതിചെയ്യുന്ന വനമേഖലയിലാണുള്ളത്. ലോകത്തെ ഏറ്റവും വലിയ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപായ കുതുപലോങ് ഈ പ്രദേശത്താണുള്ളത്. വനമേഖലയിലെ ആനപ്പാത ക്യാംപുകള്‍ക്കു സമീപത്താണുള്ളത്. ഈ സാഹചര്യത്തില്‍ മിക്കദിവസവും ക്യാംപുകള്‍ക്കുനേരെ ഒറ്റയാനകള്‍ വഴിതെറ്റി എത്തുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."