ചെങ്ങോടുമല ഖനനം: പാരിസ്ഥിതികാനുമതി പുനഃപരിശോധിക്കണമെന്ന് വനം വകുപ്പ്
പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറി തുടങ്ങാന്‍ ജില്ലാ പാരിസ്ഥിതികാഘാത നിര്‍ണയസമിതി നല്‍കിയ അനുമതി പുനഃപരിശോധിക്കണമെന്ന് ഡിവിഷല്‍ ഫോറസ്റ്റ് ഓഫിസര്‍ സുനില്‍ കുമാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഖനനത്തിനെതിരേ ചെങ്ങോടുമല സംരക്ഷണ വേദി നല്‍കിയ നിവേദനത്തില്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ ഈ പ്രദേശത്ത് ഖനനം പാരിസ്ഥിതികാഘാത മുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടതായി ഡി.എഫ്.ഒ അയച്ച കത്തില്‍ പറയുന്നു.
ഖനന പ്രവര്‍ത്തനങ്ങള്‍ ജൈവവൈവിധ്യം നശിപ്പിക്കുന്നതിനും പ്രദേശത്തിന്റെ ശോഷണത്തിനും കാരണമാകും. കൂടാതെ നൈസര്‍ഗിക ജലസംരക്ഷണത്തെയും പ്രതികൂലമായി ബാധിക്കും. ഈ പ്രദേശത്തെ ഖനനത്തിനായുള്ള അപേക്ഷ ജില്ലാ പരിസ്ഥിതി നിര്‍ണയസമിതി (ഡി.ഇ.എ.സി) മുന്‍പാകെ വന്നതിനെ തുടര്‍ന്ന് പ്രദേശത്തു പരിശോധന നടത്തിയത് ഏതാനും ചിലര്‍ മാത്രമാണ്.
കമ്മിറ്റിയിലെ അംഗങ്ങളായ സി.ഡബ്ല്യു.ആര്‍.ഡി.എ, ഇസെഡ്. എസ്.ഐ എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരോ ജലസംരക്ഷണം, വനസംരക്ഷണം തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ളവരോ ഇല്ലാതെയാണ് പരിശോധന നടത്തിയത്.
പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യമോ മണ്ണ്-ജലസംരക്ഷണത്തില്‍ പ്രദേശത്തിന്റെ സംഭാവനകളോ പരിഗണിക്കാതെയാണ് ഡി.ഇ.എ.സി ഈ അപേക്ഷയില്‍ ഖനനാനുമതിക്കു ശുപാര്‍ശ ചെയ്തതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏതൊരു പ്രദേശത്തിന്റെയും പാരിസ്ഥിതിക പ്രാധാന്യം സൂക്ഷ്മമായി പരിശോധിക്കുന്നതിനാണ് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം വിദഗ്ധരെ ഉള്‍പ്പെടുത്തി ഡി.ഇ.എ.സി രൂപീകരിച്ചത്. എന്നാല്‍ ഈ നിയമം വിഭാവനം ചെയ്യുന്നതു പോലുള്ള തരത്തില്‍ ഈ പ്രദേശത്ത് പരിശോധന നടത്താത്തതിനാല്‍ ഖനനാനുമതി റദ്ദാക്കണമെന്നാണ് ഡി.എഫ്.ഒ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."