എക്‌സൈസും അവശ്യവകുപ്പ്; വ്യാപക റെയ്ഡിനു നിര്‍ദേശം
കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിട്ട സാഹചര്യത്തില്‍ എക്‌സൈസ് വിഭാഗത്തെയും അവശ്യസേവന വകുപ്പില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ലോക്ഡൗണില്‍ ആളുകള്‍ വീട്ടിലിരിക്കുകയും മദ്യശാലകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ അനധികൃത മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും കൂടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ വ്യാപക റെയ്ഡിനു എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ എക്‌സൈസ് റെയിഞ്ച് ഓഫിസുകളിലും റാപിഡ് ആക്ഷന്‍ ടീം ഉണ്ടാക്കണമെന്നും പ്രിവന്റീവ് ഓഫിസര്‍മാര്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്നും എക്‌സൈസ് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍ ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.
വ്യാജമദ്യം, കഞ്ചാവ്, മറ്റു ലഹരിവസ്തുക്കള്‍ എന്നിവ അനിയന്ത്രിതമായി വര്‍ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കടുത്ത പരിശോധനകള്‍ക്കാണു നിര്‍ദേശം. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്നു മേലധികാരികള്‍ ഉറപ്പുവരുത്തണമെന്നും എക്‌സൈസ് കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
എക്‌സൈസ് വകുപ്പിന്റെ എല്ലാ ഓഫിസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ അത്യാവശ്യം വേണ്ട ഭരണപരമായ ഫയലുകളേ കൈകാര്യം ചെയ്യാവൂ. ആവശ്യമായ ജീവനക്കാരെ മാത്രം ഇതിനു നിയോഗിക്കണം. എന്‍ഫോഴ്‌സ്‌മെന്റ് ജീവനക്കാരെയും ഓഫിസ് ജീവനക്കാരെയും എല്ലായ്‌പ്പോഴും ഫോണില്‍ ലഭിക്കണം. പരിശോധന നടത്തുന്ന ഘട്ടത്തില്‍ തങ്ങളുടെ ആരോഗ്യസുരക്ഷ ജീവനക്കാര്‍ ശ്രദ്ധിക്കണം. മാസ്‌ക്, കൈയുറ, സാനിറ്റൈസര്‍, സോപ്പ് ലായനി എന്നിവ ഓഫിസുകളില്‍ മേലധികാരികള്‍ ഉറപ്പുവരുത്തണം. ചെക് പോസ്റ്റ് ജീവനക്കാര്‍ മാസ്‌ക്, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണണമെന്നും എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."