ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിടത്തെ റോഡ് അപകടാവസ്ഥയിലേക്ക്
മാള: പുത്തന്‍ചിറ കൊമ്പത്തു കടവില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിടത്തെ റോഡ് അപകടാവസ്ഥയിലേക്ക്. പുത്തന്‍ചിറ കൊമ്പത്തു കടവ് ടാറിങ് റോഡില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതെന്നും ആക്ഷേപമുണ്ട്. റോഡ് തകര്‍ത്തു പൈപ്പിട്ടതോടെ നിരപ്പായ റോഡ് കുന്നായി മാറുകയും ചെയ്തു.
ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം അപകടം ക്ഷണിച്ചു വരുത്തുന്ന സ്ഥിതിയിലായി.
കല്‍വര്‍ട്ട് നിര്‍മിച്ചു റോഡ് ഉയര്‍ത്തി വേണം പൈപ്പുകള്‍ ഇടേണ്ടത്. ഇതിനു പകരമാണു സൂത്രപ്പണിയിലൂടെ ഗെയില്‍ അധികൃതര്‍ തടിതപ്പിയത്.
നിയമം കാറ്റില്‍ പറത്തിയുള്ള നിര്‍മാണത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റോഡ് തുരന്നു പൈപ്പുകള്‍ സ്ഥാപിക്കേണ്ടിടത്താണു സുരക്ഷയില്ലാതെയുള്ള നിര്‍മാണം നടത്തിയത്.
കൊമ്പത്തു കടവ് റോഡിനു കുറുകെയാണു ഗ്യാസ് പൈപ്പുകള്‍ കടന്നു പോകുന്നത്. റോഡിനടി തുരന്നാണു പൈപ്പിടല്‍ നടക്കുന്നത്. വീതി കുറഞ്ഞ റോഡിനടിയിലൂടെ തുരങ്കം തീര്‍ക്കുന്നിടത്തു കോണ്‍ക്രീറ്റിടാതെയാണു നിര്‍മാണം. ഇതു റോഡ് തകര്‍ച്ചക്കു കാരണമാവുകയാണ് . എസ്‌കവേറ്റര്‍ ഉപയോഗിച്ചു വയലില്‍ നിന്നും മണ്ണെടുത്തു കുഴി മൂടി. ഇതോടെ റോഡു കുന്നായി മാറി. റോഡിനു സംരക്ഷണഭിത്തി നിര്‍മിച്ചു മതിയായ സുരക്ഷയൊരുക്കണമെന്നാവശ്യമുയര്‍ന്നിട്ടുണ്ട്.
അതേ സമയം ഗ്യാസ് പൈപ്പ് ലൈനില്‍ നിന്നും വീട്ടുകള്‍ക്കു അഞ്ഞൂറ് മീറ്റര്‍ അകലം പാലിക്കണമെന്ന നിയമം പാലിക്കപെട്ടിട്ടില്ല.
ഇവിടെ 50 മീറ്റര്‍ ദൂരത്തു വരെ വീടുകളുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടക്കുന്ന നിര്‍മാണത്തിനു തടയിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.
നിരവധി വീട്ടുകാര്‍ സമീപത്തു താമസിക്കുന്നുണ്ട്.
ഇതിനു സമീപമാണു ഗെയില്‍ ഗ്യാസ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഭൂമിക്കടിയില്‍ തുരങ്കം നിര്‍മാണം നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കാതെയുള്ളവ നിര്‍ത്തിവക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."