ചതുര്‍ദിനം: ഇന്ത്യ എ ശക്തമായ നിലയില്‍
നിസാം കെ. അബ്ദുല്ല#
കൃഷ്ണഗിരി (വയനാട്): കൃഷ്ണഗിരിയില്‍ നടക്കുന്ന ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന നിലയിലാണ് ഇന്ത്യ എയുള്ളത്. ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെയും മൂന്നാമന്‍ പ്രിയങ്ക് പാഞ്ചലിന്റെയും അര്‍ധശതകങ്ങളാണ് ഇന്ത്യ എക്ക് കരുത്തായത്. 303ന് അഞ്ച് എന്ന നിലയില്‍ രണ്ടാംദിനം കളി പുനരാരംഭിച്ച ലയണ്‍സിനെ നവദീപ് സൈനി വരിഞ്ഞ് കെട്ടുകയായിരുന്നു. 37 റണ്‍സ് കൂടി ടീം ടോട്ടലിലേക്ക് ചേര്‍ക്കവെ അഞ്ച് വിക്കറ്റുകള്‍ കൂടി പോക്കറ്റിലാക്കി ഇന്ത്യ എ ബൗളര്‍മാര്‍ ലയണ്‍സിനെ പ്രഹരിച്ചു. തലേ ദിവസത്തെ സ്‌കോറിലേക്ക് മൂന്ന് റണ്‍സ് കൂടി ചേര്‍ക്കവെ സ്റ്റീവന്‍ മുല്ലേനിയെ നവദീപ് സൈനി ബൗള്‍ഡാക്കി. പിന്നാലെ ലൂയിസ് ഗ്രിഗറിയും ഡാനി ബ്രിഗ്‌സും 63 റണ്ണെടുത്ത വില്‍ ജാക്ക്‌സും വീണു. ടീംടോട്ടല്‍ 340ല്‍ സാക്ക് ചാപ്പലിനെ ബൗള്‍ഡാക്കി നവദീപ് തന്റെ അഞ്ച് വിക്കറ്റ് നേട്ടവും ലയണ്‍സിന്റെ പതനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ എക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ടീംടോട്ടല്‍ 48ല്‍ 31 റണ്ണെടുത്ത എ.ആര്‍ ഈശ്വരന്‍ വീണതിന് ശേഷം ഒത്തുചേര്‍ന്ന രാഹുല്‍-പാഞ്ചല്‍ സഖ്യം പടുത്തുയര്‍ത്തിയത് 171 റണ്ണിന്റെ കൂട്ടുകെട്ടാണ്. 88 റണ്ണുമായി രാഹുലും 89 റണ്ണുമായി പാഞ്ചലും രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ക്രീസിലുണ്ട്. 122 റണ്‍ കൂടി കണ്ടെത്തിയാല്‍ ലയണ്‍സിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനെ ഇന്ത്യ എക്ക് മറികടക്കാനാവും. ബാറ്റിങ് പറുദീസയായി മാറിയ പിച്ചില്‍ ഇത് ഇന്ത്യ എക്ക് വലിയ കടമ്പയാവാന്‍ സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."