വിദ്യാര്‍ഥിരാഷ്ട്രീയം ഒഴിവാക്കണോ?
രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥിസംഘടനകള്‍ പാടില്ലെന്ന ശുപാര്‍ശ ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായ അഞ്ചംഗവിദഗ്ധസമിതി കേന്ദ്രമാനവവിഭവശേഷിമന്ത്രി സ്മൃതി ഇറാനിക്കു സമര്‍പ്പിച്ചിരിക്കുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ഇവ വ്യവസ്ഥചെയ്യണമെന്നും ജാതി, മതാടിസ്ഥാനത്തിലുള്ള വിദ്യാര്‍ഥിസംഘടനകള്‍ പാടില്ലെന്നുമാണു സമിതിയുടെ നിലപാട്.
കലാലയരാഷ്ട്രീയത്തിന്റെ ഗുണങ്ങളും ദോഷങ്ങളും അപഗ്രഥിച്ചുകൊണ്ടാകണം ഏതൊരു പരിഷ്‌കരണവും. സ്‌കൂളിലെ വിദ്യാര്‍ഥിരാഷ്ട്രീയം കേരളത്തിലും മറ്റും നേരത്തെതന്നെ നിരോധിച്ചതാണ്. സ്‌കൂള്‍രാഷ്ട്രീയത്തെ കാണുന്നപോലെ കാണേണ്ടതല്ല കലാലയരാഷ്ട്രീയം. സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും ജനങ്ങള്‍ ഇതു ചര്‍ച്ചചെയ്യണമെന്നുമുള്ള സമിതി അധ്യക്ഷന്റെ നിലപാടു സ്വാഗതാര്‍ഹമാണ്. വിദ്യാര്‍ഥിരാഷ്ട്രീയത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ടു കാലമേറെയായി. തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരവും ബഹളവും പഠിപ്പുമുടക്കും നശീകരണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്ന വിദ്യാര്‍ഥിസംഘടനകള്‍ സമൂഹത്തിന്റെ വെറുപ്പുമാത്രമാണു സമ്പാദിച്ചത്.
ഏതാനും വിദ്യാര്‍ഥികള്‍ വിചാരിച്ചാല്‍ കലാലയം സ്തംഭിപ്പിക്കാനാകുമെന്ന അവസ്ഥ അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അധ്യയനത്തിനു തടസ്സമുണ്ടാക്കുന്ന പഠിപ്പുമുടക്കലിന് ഈ ജനുവരിയില്‍ ഹൈക്കോടതി കൂച്ചുവിലങ്ങിട്ടത്. പഠിപ്പുമുടക്കിയുള്ള വിദ്യാര്‍ഥി സമരങ്ങള്‍ക്കെതിരേ കൊച്ചി യൂനിവേഴ്‌സിറ്റി ഒാഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) യിലെ രണ്ടു വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
കൊച്ചി സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ സമരത്തിന്റെയും മറ്റു സമരങ്ങളുടെയും കാരണമായി പകുതിക്ലാസുകള്‍ മാത്രമാണു നടന്നിരുന്നത്. സെമസ്റ്റര്‍ സമ്പ്രദായമനുസരിച്ച് ആഴ്ചയില്‍ 36 മണിക്കൂര്‍ എന്ന രീതിയില്‍ 18 ആഴ്ചകളിലായി 648 ക്ലാസുകളാണു നടക്കേണ്ടിയിരുന്നത്. സമരം കാരണം ഇവ നടക്കാതിരിക്കുകയും പരീക്ഷയെ അഭിമുഖീകരിക്കുന്നതില്‍ പ്രയാസംനേരിടുകയും ചെയ്തപ്പോഴാണു പഠിപ്പുമുടക്കിയുള്ള വിദ്യാര്‍ഥിരാഷ്ട്രീയത്തിനെതിരേ കൊച്ചി യൂനിവേഴ്‌സിറ്റിയിലെ ലിയോ ലൂക്കോസും ആദിത്യ തേജസ് കൃഷ്ണനും ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയത്.
കാലംമാറിയതിനനുസരിച്ചു കാംപസ് രാഷ്ട്രീയവും മാറാതിരുന്നതിന്റെ ഫലംകൂടിയായിരുന്നു ഹൈക്കോടതിയുടെ വിലക്കു വിളിച്ചുവരുത്തിയത്. സമരാഹ്വാനം കേള്‍ക്കുന്ന മാത്രയില്‍ ക്ലാസുവിട്ടോടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന യാഥാര്‍ഥ്യം വിദ്യാര്‍ഥിസംഘടനകള്‍ മനസ്സിലാക്കാതെപോയി. പഠിച്ചുപഠിച്ച് ഉന്നതങ്ങള്‍ താണ്ടണമെന്ന മോഹം വിദ്യാര്‍ഥിസമൂഹത്തില്‍ രൂഢമൂലമായിട്ടുണ്ടെന്നു വിദ്യാര്‍ഥിനേതാക്കള്‍ക്കു മാത്രം മനസ്സിലായില്ല.
കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പഠനത്തെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന കാലഘട്ടത്തെയാണു വര്‍ത്തമാനവിദ്യാഭ്യാസകാലം അടയാളപ്പെടുത്തുന്നത്. വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ പ്രസക്തിതന്നെ കലാലയങ്ങളില്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലംകൂടിയാണിത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിനൊപ്പം കാംപസുകളില്‍ കടന്നുവന്ന ദൂര്‍ഭൂതമാണു റാഗിങ് എന്ന പ്രാകൃത മുറ. കലാലയങ്ങളിലെത്തുന്ന പുതുമുഖവിദ്യാര്‍ഥികളുടെ അപരിചിതത്വം മാറ്റിയെടുക്കാനും പുതിയസൗഹൃദങ്ങള്‍ രൂപപ്പെടുത്താനും പുതിയ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാനും തീര്‍ത്തും നിര്‍ദോഷമായി ആരംഭിച്ച റാഗിങ് പില്‍ക്കാലത്ത് അതിനീചമായ കൊടുംപീഡനമായി പരിണമിക്കുകയായിരുന്നു.
റാഗിങിന്റെപേരില്‍ കലാലയങ്ങളില്‍ അക്രമങ്ങള്‍ തുടര്‍ന്നപ്പോഴാണ് 1998 ല്‍ റാഗിങ് നിരോധിച്ചുകൊണ്ടുള്ള നിയമംപ്രാബല്യത്തില്‍ വന്നത്. എന്നിട്ടും റാഗിങ് അങ്ങിങ്ങായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളജിലെ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിന്റെ കണ്ണ് റാഗിങ്ങിന്റെ പേരില്‍ അടിച്ചു പൊട്ടിച്ചതുകഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലായിരുന്നു. ഇടതുകണ്ണിന്റെ കാഴ്ചനഷ്ടപ്പെട്ട മുഹ്‌സിന്റെ ഭാവി ജീവിതത്തെയാണു ക്രൂരന്മാരായ ഏതാനും സീനയര്‍ വിദ്യാര്‍ഥികള്‍ ഇരുട്ടിലാക്കിയത്.
റാഗിങ്ങിന് ഇരയായി അംഗഭംഗം വന്നു ജീവിതം വഴിമുട്ടി, മാനസികാഘാതത്താല്‍ നിര്‍ഭാഗവാന്മാരായിത്തീര്‍ന്ന എത്രയോ വിദ്യാര്‍ഥികള്‍ ജീവച്ഛവങ്ങളായി സമൂഹമനഃസാക്ഷിക്കുമുന്നില്‍ ഇന്നും നില്‍ക്കുന്നുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥിസംഘടന ഇവരെക്കുറിച്ച് ആരാഞ്ഞിട്ടുണ്ടോ.? പല കോളജ് അധികൃതരും റാഗിങ്ങിനെക്കുറിച്ചുള്ള വിവരം പൊലിസില്‍നിന്നു മറച്ചുവയ്ക്കുകയാണു പതിവ്. അതുകൊണ്ടുതന്നെയാണു കാംപസുകളില്‍നിന്നു റാഗിങ് തുടച്ചുനീക്കാനാകാത്തത്. ഇന്ന് ഒരോ കോളജിലും റാഗിങ്‌വിരുദ്ധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി തടയുവാന്‍ കഴിയുന്നില്ലെന്നതാണു വാസ്തവം. ഇത്തരം സംഭവങ്ങള്‍ വിദ്യാര്‍ഥിസംഘടനകളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
ഒരോവര്‍ഷവും കാംപസുകളില്‍ നിന്നുപുറത്തിറങ്ങുന്ന കോളജ് മാഗസിനുകള്‍ കാണുമ്പോള്‍ ഇത്തരം കലാലയങ്ങളില്‍ത്തന്നെയാണല്ലോ ക്രൂരതകളും അരങ്ങേറുന്നതെന്നു തോന്നിപ്പോകും. വിദ്യാര്‍ഥി രാഷ്ട്രീയം സര്‍ഗാത്മകമാകുമ്പോള്‍ പൊതുസമൂഹവും വിദ്യാര്‍ഥികളും ഇരുകൈയും നീട്ടി സ്വീകരിക്കും. റാഗിങ്ങിനെതിരേ ശബ്ദമുയര്‍ത്തുകയും പഠിപ്പുമുടക്കു സമരങ്ങളെ വര്‍ജിക്കുകയുംചെയ്യുന്ന സംസ്‌കാരമായിരിക്കണം ഒരോ വിദ്യാര്‍ഥിസംഘടനയും വളര്‍ത്തിക്കൊണ്ടുവരേണ്ടത്.
ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും നാമ്പുകള്‍ പൊട്ടിയതു കലാലയങ്ങളില്‍നിന്നാണ്. ഗാന്ധിജിയുടെ ആഹ്വാനംകേട്ടു പുറത്തിറങ്ങിയ വിദ്യാര്‍ഥിസമൂഹമാണ് ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതിയത്. അവരാണ് ഉജ്വലസ്വാതന്ത്ര്യസമര സേനാനികളായി മാറിയത്. അവര്‍ ചോരചിന്തി നേടിത്തന്ന സ്വാതന്ത്ര്യമാണു വിദ്യാര്‍ഥിസംഘടനകള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം ദുരപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
എന്നിരുന്നാലും ചില രജതസ്ഫുരണങ്ങള്‍ വിദ്യാര്‍ഥിസംഘടനകളില്‍ അങ്ങിങ്ങായി കാണുന്നുവെന്നതു പ്രതീക്ഷാനിര്‍ഭരമാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍നിന്നും ഹൈദരാബാദ് കേന്ദ്രയൂനിവേഴ്‌സിറ്റിയില്‍നിന്നും വന്നുകൊണ്ടിരുന്ന വാര്‍ത്തകളും സംഭവങ്ങളും അത്തരത്തിലുള്ളതാണ്. കലാലയരാഷ്ട്രീയത്തിന്റെ ചേതനയും ചൈതന്യവും ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥിസമൂഹത്തില്‍നിന്നു വന്നുകൊണ്ടിരിക്കുന്നു. ദാദ്രിയില്‍ പശുവിറച്ചിയുടെ പേരില്‍ ഒരുകൂട്ടം ഫാസിസ്റ്റുകള്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നപ്പോള്‍ പൊതുസമൂഹം നോക്കിനില്‍ക്കുകയായിരുന്നു.
എന്നാല്‍, രാജ്യത്തെ ഫാസിസ്റ്റ്‌വല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നു തിരിച്ചറിഞ്ഞ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഈ ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും ഈ വര്‍ഷം സാക്ഷിയായി. കേരളത്തിലും അതിന്റെ അനുരണനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ രാമവര്‍മ കോളജിലും കോട്ടയം ബസേലിയസ് കോളജിലും കോട്ടയും സി.എം.എസ് കോളജിലും കാലടി സംസ്‌കൃത കോളജിലും ഇടുക്കി മുട്ടം എന്‍ജിനിയറിങ് കോളജിലും അടൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലും ഫാസിസത്തിനെതിരേയുള്ള അതിശക്തമായ പ്രതിരോധസമരങ്ങളാണ് അരങ്ങേറിയത്.
ഇത്തരം ചെറുത്തുനില്‍പ്പുകള്‍ കലാലയങ്ങളില്‍നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനെതിരേ വിലങ്ങുതീര്‍ക്കാനും കൂടിയാണോ വിദ്യാര്‍ഥിരാഷ്ട്രീയം കലാലയങ്ങളില്‍ വേണ്ടെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്. കാംപസ്‌രാഷ്ട്രീയം അനിവാര്യമാണ്. അതു നിര്‍മാണാത്മകവും സമൂഹത്തിനു വഴികാട്ടാനുള്ളതുമായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."