റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍:അധികൃതര്‍ക്ക് നാളെ നാളെ പൊതുജനത്തിന് നീളെ നീളെ
കാസര്‍കോട്: പുതുക്കി നല്‍കിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തി കിട്ടുന്നതിന് വേണ്ടി ബന്ധപ്പെട്ട സപ്ലൈ ഓഫിസുകളില്‍ കയറി ഇറങ്ങി ജനം മടുത്തു. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് വേണ്ടി അപേക്ഷകള്‍ കൃത്യമായ രീതിയില്‍ പൂരിപ്പിച്ചു നല്‍കിയവര്‍ ആദ്യഘട്ടത്തില്‍ പരിശോധനക്കായി ഇറങ്ങിയ ലിസ്റ്റ് കണ്ടതോടെ പലരും അമ്പരന്നു.
തുടര്‍ന്ന് തെറ്റ് തിരുത്തല്‍ യതഃജ്ജത്തില്‍ പങ്കെടുത്തു തങ്ങളുടെ കാര്‍ഡുകളില്‍ ഉണ്ടായ തെറ്റുകള്‍ ശരിയാക്കി നല്‍കിയെങ്കിലും പുതുക്കിയ കാര്‍ഡുകള്‍ കിട്ടിയപ്പോള്‍ ജില്ലയിലെ ഭൂരിഭാഗം കാര്‍ഡ് ഉടമകളും ഒന്ന് കൂടി അമ്പരന്നു. മകള്‍ക്കു നൂറ്റി രണ്ടു വയസും,അമ്മക്ക് 58 വയസും അച്ഛന് 38 വയസും,പിതാവിനും മകനും,സഹോദരനും ഒരേ പ്രായവും,ആണ് പെണ്ണായും,പെണ്ണ് ആണായും എന്ന് വേണ്ട സകലമാന തെറ്റുകളും ഭൂരിഭാഗംഗം കാര്‍ഡുകളിലും കടന്നു കൂടിയതോടെ കാര്‍ഡുടമകള്‍ വെട്ടിലായി.
പുതുക്കിയ കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം ചൂണ്ടിക്കാട്ടിയപ്പോള്‍ കാര്‍ഡുകള്‍ വീണ്ടും സപ്ലൈ ഓഫിസുകളില്‍ നല്‍കി തെറ്റ് തിരുത്താന്‍ അവസരം ഉണ്ടന്നും ഒരുമാസം കൊണ്ട് പ്രസ്തുത പ്രക്രിയ തുടങ്ങുമെന്നും കാര്‍ഡ് വിതരണം ചെയ്യുന്ന സമയത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാര്‍ഡ് വിതരണം നടത്തിയിട്ടു ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും തെറ്റുകള്‍ തിരുത്തി കിട്ടുന്നതിന് വേണ്ടി റേഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ട സപ്ലൈ ഓഫിസുകളില്‍ സ്വീകരിക്കാന്‍ പോലും തയ്യാറായിട്ടില്ല.
തെറ്റുകള്‍ കടന്നു കൂടിയതോടെ പ്രസ്തുത റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നേടിയെടുക്കേണ്ട പല കാര്യങ്ങളും കാര്‍ഡുടമകള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതേ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തി കിട്ടുന്നതിന് വേണ്ടി ബന്ധപ്പെട്ട സപ്ലൈ ഓഫിസുകളില്‍ കാര്‍ഡുടമകള്‍ നിത്യേന കയറി ഇറങ്ങി ദുരിതം പേറുന്ന കാഴ്ചയാണ് ഉള്ളത്. എന്നാല്‍ നാളെ,നാളെ,അടുത്തയാഴ്ച,അടുത്തമാസം തുടങ്ങി വ്യത്യസ്തങ്ങളായ മറുപടികളാണ് വിവിധ സപ്ലൈ ഓഫിസുകളില്‍ നിന്നും കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് കാര്‍ഡുടമകള്‍ക്ക് ധന നഷ്ടവും,സമയ നഷ്ടവും സംഭവിക്കുന്നതിനു പുറമെ തങ്ങള്‍ക്കു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിക്കാതെ വരുകയും ചെയ്യുന്നു.
അതേ സമയം കാര്‍ഡ് പുതുക്കി നല്‍കുമ്പോള്‍ കിട്ടാതെ വന്ന കാര്‍ഡ് ഉടമകള്‍ക്ക് അത് പുതുക്കി നല്‍കാനുള്ള നടപടിക്രമങ്ങളാണ് കഴിഞ്ഞ അഞ്ചു മാസത്തോളമായി നടന്നു വരുന്നത്.
എന്നാല്‍ ഈ പ്രക്രിയയും ഒച്ചിനെക്കാളും വേഗം കുറഞ്ഞ നിലയിലാണ് നീങ്ങുന്നത്. ചുരുങ്ങിയത് പത്തു തവണയെങ്കിലും ബന്ധപ്പെട്ട സപ്ലൈ ഓഫിസുകളില്‍ കയറി ഇറങ്ങിയാല്‍ മാത്രമേ പലരുടെയും അപേക്ഷകള്‍ തന്നെ സ്വീകരിക്കുന്നുള്ളൂ.ഇത് കാരണമായി കാര്‍ഡുടമകള്‍ കടുത്ത ദുരിതം അനുഭവിച്ചു വരുന്നുണ്ട്. ഇത്തരം അപേക്ഷകള്‍ പൂര്‍ത്തിയാക്കി കാര്‍ഡുകള്‍ വിതരണം ചെയ്ത ശേഷം മാത്രമേ ആദ്യം വിതരണം ചെയ്ത കാര്‍ഡുകളിലെ തെറ്റ് തിരുത്തല്‍ പക്രിയകള്‍ക്കു വേണ്ടി കാര്‍ഡുകള്‍ സ്വീകരിക്കുകയുള്ളുവെന്ന നിലപാടാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റേത്. ഇത്തരം നിലപാട് സ്വീകരിച്ചതോടെ കാര്‍ഡുടമകള്‍ ആകെ വെട്ടിലായിരിക്കുകയാണ്. പാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കാര്‍ഡുടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."