കുന്നുമ്മല്‍, മരുതോങ്കര പഞ്ചായത്ത് കൃഷി ഭവനുകളില്‍ കൃഷി ഓഫിസര്‍മാരില്ല, പദ്ധതികള്‍ താളംതെറ്റുന്നു
കക്കട്ടില്‍: കുന്നുമ്മല്‍, മരുതോങ്കര പഞ്ചായത്ത് കൃഷി ഭവനുകളില്‍ മൂന്നു മാസത്തില്‍ ഏറെയായി കൃഷി ഓഫിസര്‍മാര്‍ ഇല്ലാതായതോടെ പദ്ധതികള്‍ താളംതെറ്റി തുടങ്ങി. നേരത്തെയുള്ള ഓഫിസര്‍ സ്ഥലം മാറി പോയതിനു ശേഷം പകരം നിയമനം നടന്നില്ല.
സാമ്പത്തിക വര്‍ഷം അവസാനിക്കാറായതോടെ ഫലപ്രദമായ പദ്ധതി നിര്‍വഹണത്തിന് ഓഫിസര്‍മാര്‍ ഇല്ലാത്തത് പ്രയാസമുണ്ടാക്കും. നെല്‍വയല്‍ തണ്ണീര്‍ത്തട പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍ എന്ന നിലയിലും ഉണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കൃഷി വകുപ്പിന്റെയും, പഞ്ചായത്തിന്റെയും പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരാണ് മൂന്ന് മാസത്തിലേറെയായി ഇവിടങ്ങളില്‍ ഇല്ലാത്തത്. കുറ്റ്യാടി കൃഷി ഓഫിസര്‍ക്ക് കുന്നുമ്മലും, കാവലും പാറയിലെ ഓഫിസര്‍ക്ക് മരുതോങ്കരയിലും അധിക ചുമതല നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയായ മരുതോങ്കരയിലും ഓഫിസറില്ലാത്തതു കാരണം പദ്ധതികള്‍ താളം തെറ്റിയിരിക്കുകയാണ്. ഇവിടെയുള്ള ഓഫിസര്‍ അവധിയില്‍ പോയതാണ്.
കൃഷി വകുപ്പിന്റെ വിഷരഹിത ജൈവ പച്ചക്കറി കൃഷി പോലെയുള്ള കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പിന്റെ ജനപ്രിയ പദ്ധതികളും ഇതോടെ താളം തെറ്റി. കുന്നുമ്മലില്‍ നേരത്തെയുണ്ടായിരുന്ന ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയിലെ തന്നെ മികച്ച പച്ചക്കറി കൃഷി പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ പലതും യഥാസമയം ലഭ്യമാക്കാനാവാത്തതും, ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളുടെ ചുമതല വഹിക്കുന്നതും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."