അര്‍ജന്റീന സെമിയില്‍
മസാചുസെറ്റ്‌സ് : സൂപ്പര്‍ താരങ്ങളുടെ കരുത്തുമായിറങ്ങിയ അര്‍ജന്റീന ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് വെനസ്വലയെ തകര്‍ത്ത് കോപ്പ അമേരിക്കയുടെ സെമിയില്‍ കടന്നു.ലയണല്‍ മെസ്സി മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഹിഗ്വയ്ന്‍ ഇരട്ടഗോളുകള്‍ നേടി. ശേഷിച്ച ഗോളുകള്‍ മെസ്സിയും ലാമെല്ലയും സ്വന്തമാക്കി. അമേരിക്കയാണ് സെമിയില്‍ അര്‍ജന്റീനയ്ക്ക് എതിരാളി. അര്‍ജന്റീനയുടെ ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ 54 ഗോളെന്ന റെക്കോര്‍ഡിനൊപ്പമെത്താനും മെസ്സിക്ക് സാധിച്ചു.
എയ്ഞ്ചല്‍ ഡി മരിയ പരുക്കു മൂലം പുറത്തിരുന്ന മത്സരത്തില്‍ ആശങ്കകളുമായാണ് ടീം കളത്തിലിറങ്ങിയത്. എന്നാല്‍ മത്സരം തുടങ്ങിയതോടെ അതെല്ലാം അപ്രസക്തമായി. എന്നാല്‍ ടൂര്‍ണമെന്റില്‍ ആദ്യമായി പകരക്കാരനല്ലാതെ കളത്തിലിറങ്ങിയ മെസ്സി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയായിരുന്നു. ടീമിന്റെ ഓരോ മുന്നേറ്റത്തിലും മെസ്സിയുടെ കാല്‍സ്പര്‍ശം ഉണ്ടായിരുന്നു. ഹിഗ്വയ്‌ന് നിരവധി അവസരങ്ങളാണ് മെസ്സി ഒരുക്കികൊടുത്തത്. എട്ടാം മിനുട്ടില്‍ തന്നെ ഇതിന് ഫലം കണ്ടു. വെനസ്വലന്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി മെസ്സി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച മനോഹര പാസില്‍ ഹിഗ്വയ്ന്‍ ലക്ഷ്യം കാണുകയായിരുന്നു. ഏറെ വൈകാതെ മെസ്സിയുടെ പെനാല്‍റ്റിക്കായുള്ള അപ്പീല്‍ റഫറി തള്ളി. 28ാം മിനുട്ടില്‍ ഹിഗ്വയ്ന്‍ ലീഡുയര്‍ത്തി. വെനസ്വലയുടെ മൈനസ് പാസ് ഓടിയെടുത്ത ഹിഗ്വയ്ന്‍ വല ചലിപ്പിക്കുകയായിരുന്നു.
രണ്ടു ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച വെനസ്വല ആക്രമണം കടുപ്പിച്ചു. റോന്‍ഡന്റെ മികച്ച ഷോട്ടുകള്‍ അര്‍ജന്റീന ഗോളി സെര്‍ജിയോ റൊമേറോ തടുത്തിടുകയായിരുന്നു. മറ്റൊന്ന് പോസ്റ്റില്‍ തട്ടി മടങ്ങി. 43ാം മിനിറ്റില്‍ സെയ്ജാസിന് വീണുകിട്ടിയ പെനാല്‍റ്റി കളഞ്ഞുകുടിക്കുകയും ചെയ്തു. സെയ്ജാസിന്റെ പനേക കിക്ക് റൊമേറോ സേവ് ചെയ്യുകയായിരുന്നു.
രണ്ടാം പകുതിയില്‍ അര്‍ജന്റീന മികവ് തുടരുന്നതാണ് കണ്ടത്. 60ാം മിനുട്ടില്‍ മെസ്സി അര്‍ജന്റീനയുടെ ലീഡ് മൂന്നായി ഉയര്‍ത്തി. ഇതോടെ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ (54 ഗോള്‍) റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു മെസ്സി. 70 മിനുട്ടില്‍ സലോമണ്‍ റോന്‍ഡനിലൂടെ വെനസ്വല വല കുലുക്കിയെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ എറിക്ക് ലമേല പന്ത് വലയിലെത്തിച്ച് അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."