പെന്‍ഷന്‍ സംഘടനാ അംഗത്വം; കോണ്‍ഗ്രസ് നിലപാട് കര്‍ശനമാക്കുന്നു
എടച്ചേരി: സര്‍വിസില്‍നിന്ന് വിരമിച്ച ജീവനക്കാരും അധ്യാപകരും സര്‍വിസ് സംഘടനയില്‍ അംഗത്വം സ്വീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് കര്‍ശനമാക്കുന്നു. കെ.പി.സി.സിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ച് എല്ലാ ജില്ലാ കമ്മിറ്റികളും (ഡി.സി.സി) ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മുഴുവന്‍ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ക്കും അയച്ചുകഴിഞ്ഞു.
കെ.പി.സി.സിയുടെ പോഷക സംഘടനയായ കെ.എസ്.എസ്.പി.എയില്‍ (കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകര്‍ അംഗത്വമെടുക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ടാണു ഡി.സി.സി പ്രസിഡന്റുമാര്‍ കീഴ്ഘടകങ്ങള്‍ക്കു കത്തയച്ചിരിക്കുന്നത്. പെന്‍ഷന്‍കാര്‍ക്കു നേരത്തെ കെ.എസ്.എസ്.പി.യു (കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍) എന്നപേരില്‍ ഒരു സംഘടന മാത്രമെ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങി വിവിധ യു.ഡി.എഫ് സംഘടനയിലെ പ്രവര്‍ത്തകരും ഇടതുപക്ഷക്കാരും ഉള്‍പ്പെടുന്നതായിരുന്നു ഈ സംഘടന. എന്നാല്‍ അടുത്തകാലത്തായി ഈ സംഘടനയുടെ ഇടതുപക്ഷ ചായ്‌വ് കൂടുതലായതോടെ കോണ്‍ഗ്രസ് അനൂകൂല പെന്‍ഷന്‍കാര്‍ കെ.എസ്.എസ്.പി.എ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റി അംഗങ്ങളും ബ്ലോക്ക് ഭാരവാഹികളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോഴും കെ.എസ്.എസ്.പി.യുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിലര്‍ പ്രധാന ഭാരവാഹിത്വവും വഹിക്കുന്നുണ്ട്. ഇവരോട് കെ.എസ്.എസ്.പി.യുവില്‍നിന്ന് രാജിവച്ച് പെന്‍ഷനേഴ്‌സ് അസോസിയേഷനിലേക്ക് വരണമെന്ന് നേരത്തെ ആവശ്യപ്പെട്ടെങ്കിലും പലരും തയാറായില്ല. ഇതോടെയാണ് ഇക്കാര്യത്തില്‍ കെ.പി.സി.സി ഇടപെട്ടത്. ഇത്തരത്തില്‍ ഇരട്ടമുഖവുമായി പ്രവര്‍ത്തിക്കുന്ന സംഘടനാ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ശക്തമായി താക്കീത് നല്‍കിയാണു ഡി.സി.സി പ്രസിഡന്റുമാര്‍ കത്തയച്ചിരിക്കുന്നത്. മേലില്‍ കോണ്‍ഗ്രസ് ഇതര, ഇടതുപക്ഷ ചായ്‌വുള്ള സര്‍വിസ് സംഘടനകളില്‍ അംഗത്വമെടുക്കുന്ന ഭാരവാഹികളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയുടെ വിവിധ ഭാരവാഹിത്വത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടിനിര്‍ദേശം ലംഘിച്ച് കെ.എസ്.എസ്.പി.യുവില്‍ നേതൃസ്ഥാനത്തു തുടരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുവിവരം എത്രയും വേഗം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് എത്തിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് അയച്ച സര്‍ക്കുലറില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ കെ.എസ്.എസ്.പി.എയുടെ മണ്ഡലം, ബ്ലോക്ക് ഭാരവാഹിത്വമുള്ളവര്‍ക്ക് സമാനമായ സംഘടനാ ഭാരവാഹിത്വം കോണ്‍ഗ്രസില്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."