ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
കോട്ടയം: മലയാളി വായനക്കാരെ കുറ്റാന്വേഷണ നോവലുകള്‍ പരിചയപ്പെടുത്തിയവരില്‍ പ്രമുഖനായ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെ 9.45 ഓടെ കോട്ടയം മള്ളൂശ്ശേരിയിലെ ചെറുവള്ളി വീട്ടിലായിരുന്നു . സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് കോട്ടയം സി.എസ്.ഐ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. മുന്നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രികനോവലുകള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൂടിയായ മകന്‍ സലിം പുഷ്പനാഥ് അന്തരിച്ച് ഒരുമാസം തികയും മുന്‍പാണ് പുഷ്പനാഥിന്റെയും മരണം. കഴിഞ്ഞ ഏപ്രില്‍ 10ന് കട്ടപ്പനയിലെ സ്വന്തം റിസോര്‍ട്ടില്‍ കുഴഞ്ഞു വീണാണ് മകന്‍ മരിച്ചത്. മകന്റെ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു. ഡിറ്റക്ടീവ് മാര്‍ക്‌സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകള്‍ മലയാളി യുവത്വത്തിന്റെ ഹരമായിരുന്നു. കോട്ടയത്ത് എം.ടി സെമിനാരി ഹൈസ്‌കൂള്‍, ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍ പഠനകാലത്തു തന്നെ എഴുത്തിന്റെ ലോകത്തെത്തിയിരുന്നു. സി.എന്‍.ഐ ട്രെയിനിങ് സ്‌കൂളില്‍നിന്നാണ് ടി.ടി.സി പാസായത്. പിന്നീട് കേരളാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1972ല്‍ ചരിത്രത്തില്‍ ബിരുദമെടുത്തു.
കോട്ടയം ജില്ലയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പുഷ്പനാഥന്‍പിള്ള എന്ന കോട്ടയം പുഷ്പനാഥ് ജോലിയില്‍ നിന്ന് സ്വയം വിരമിച്ചശേഷം പൂര്‍ണമായും എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 'ചുവന്ന മനുഷ്യന്‍' എന്ന ശാസ്ത്ര ഡിറ്റക്ടീവ് നോവലാണ് ആദ്യകൃതി. മറിയാമ്മയാണ് ഭാര്യ. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ സീനു പുഷ്പനാഥ്, ജെമി പുഷ്പനാഥ് എന്നിവരാണ് മറ്റു മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."