എക്സൈസ് സംഘത്തെ ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
ഉപ്പള: ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു മടങ്ങുന്നതിനിടെ എക്സൈസ് സംഘത്തെ അക്രമിച്ച കേസില്‍ അഞ്ചു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തെ അക്രമിക്കുകയും എക്സൈസ് ഇന്‍സ്പെക്ടറുടെ കൃത്രിമകാല് വലിച്ചൂരിയെറിയുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സഹോദരങ്ങളടക്കമുള്ള അഞ്ചുപേരെയാണ് കുമ്പള പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ചുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പൊലിസ് പറഞ്ഞു.
ബേക്കൂര്‍ സുഭാഷ് നഗറിലെ പ്രദീപ് എന്ന രാജേഷ് (28), സഹോദരന് ഹരീഷ് (26), ലതീഷ് (19), ജോഡ്കല്ലിലെ നവീന്‍ (23), സോമശേഖര (21) എന്നിവരെയാണ് കുമ്പള എസ്.ഐ. മെല്വിന് ജോസും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി എട്ടോടെ ബേക്കൂര്‍ സുഭാഷ് നഗറില്‍ വച്ചാണ് എക്സൈസ് സംഘത്തിനു നേരെ അക്രമമുണ്ടായത്.
രാജേഷിന്റെ വീട്ടില്‍ ലഹരി ഉല്പന്നങ്ങള് സൂക്ഷിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എത്തിയതായിരുന്നു കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജെ റോബിന് ബാബുവും സംഘവും. വീട്ടിനകത്തു സൂക്ഷിച്ച 12 ബോക്സ് വിദേശമദ്യം, 31 കുപ്പി മദ്യം, 10 കിലോ പുകയില ഉല്പന്നങ്ങള് എന്നിവ പിടിച്ചെടുത്തു മടങ്ങുന്നതിനിടെയായിരുന്നു അക്രമം.
എക്സൈസ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പില്‍ സൂക്ഷിച്ച മദ്യം സംഘം ബലം പ്രയോഗിച്ചു കൊണ്ടു പോകുന്നതിനിടെ എക്സൈസ് സംഘം പിന്തുടര്ന്നു. ഇതോടെയാണു സംഘം അക്രമം കാട്ടിയത്. പിടിയിലായവരെ റിമാന്റ് ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടറുടെ വലിച്ചൂരിയെറിഞ്ഞ കൃത്രിമകാല് പിന്നീട് വിവരമറിഞ്ഞെത്തിയ പൊലിസ് സംഘമാണ് കണ്ടെടുത്തു നല്‍കിയത്. ഒളിവില്‍ പോയ പ്രതികള്‍ക്കു വേണ്ടി പൊലിസ് തിരിച്ചില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."