ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ച് വ്യത്യസ്ഥമായി ഒരു പൊങ്കാല
കൊല്ലം: പുതിയകാവ് ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഹരിത ചട്ടങ്ങള്‍ പാലിച്ചു നടത്തിയത് ശ്രദ്ധേയമായി. ക്ഷേത്ര പരിസരത്തും ഭക്തജനങ്ങള്‍ പൊങ്കാല അര്‍പ്പിക്കുന്ന സ്ഥലങ്ങളിലും പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പിവെളളം, ഡിസ്‌പോസിബിള്‍ സാമഗ്രികളായ പ്ലാസ്റ്റിക്, പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ പരമാവധി കുറച്ചാണ് ഉപയോഗിച്ചത്. നേരത്തെ അറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ഭക്തജനങ്ങള്‍ കുടിവെള്ളം, ഭക്ഷണം എന്നിവക്കായി സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സും കരുതിയിരുന്നു. പൊതുജനങ്ങള്‍ക്ക് മനസിലാകും വിധം ഹരിതചട്ടം സംബന്ധിച്ചുള്ള അറിയിപ്പുകള്‍ പ്രകൃതി സൗഹൃദ വസ്തുക്കളില്‍ തയാറാക്കി പൊങ്കാല നടക്കുന്ന സ്ഥലങ്ങളില്‍ ജില്ലാ ശുചിത്വ മിഷന്‍ സ്ഥാപിച്ചിരുന്നു. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ തെങ്ങോലയിലുളള വല്ലങ്ങള്‍ സ്ഥാപിച്ചു. പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കുന്നതിനായി ഹരിതചട്ടങ്ങള്‍ ആലേഖനം ചെയ്ത തുണി സഞ്ചികള്‍ ഭക്തജനങ്ങള്‍ക്കായി ക്ഷേത്ര ഭരണസമിതി വിതരണം ചെയ്തു. തുണി സഞ്ചിയില്‍ ശുചിത്വ മിഷന്റെയും സ്വച്ഛ് ഭാരതിന്റെയും മുദ്രകള്‍ ആലേഖനം ചെയ്തിരുന്നു. പൊങ്കാലക്ക് ശേഷം വരുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനുളള പ്രായോഗിക നിര്‍ദേശമെന്ന നിലയിലാണ് ഹരിതചട്ടങ്ങള്‍ പാലിച്ചത്. ഹരിതചട്ടങ്ങള്‍ പാലിച്ച് പൊങ്കാല നടത്തണമെന്ന കലക്ടറുടെയും ജില്ലാ ശുചിത്വ മിഷന്റെയും അഭ്യര്‍ഥന ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചതില്‍ കലക്ടര്‍ ഡോ. മിത്ര റ്റി നന്ദി അറിയിച്ചു.
പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഡോ. ജി മോഹന്‍, സെക്രട്ടറി എം.വി സോമയാജി, ഉത്സവ കമ്മിറ്റി കണ്‍വീനര്‍ പി. രമേഷ് ബാബു, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ യു.ആര്‍ ഗോപകുമാര്‍, പ്രോഗ്രാം ഓഫീസര്‍ എ ഷാനവാസ്, എന്‍ രാജു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."