രത്‌നഗിരി കടലില്‍ ബോട്ടിന്റെ അവശിഷ്ടം കണ്ടെത്തി; കാണാതായ ബോട്ടിന്റേതെന്ന് സൂചന
കാസര്‍കോട്: മഹാരാഷ്ട്രയിലെ രത്‌നഗിരി കടലില്‍നിന്നു തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത് ഉഡുപ്പി മല്‍പേ ഹാര്‍ബറില്‍നിന്നു മത്സ്യബന്ധനത്തിനു പോയി കാണാതായ സുവര്‍ണ ത്രിഭുജയെന്ന ബോട്ടിന്റേതാണെന്ന് സൂചനയുണ്ട്. രത്‌നഗിരി കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളിയാണ് ബോട്ടിന്റെ അവശിഷ്ടം കണ്ടെത്തിയത്. അങ്കോള താലൂക്കിലെ ബെലക്കേരി പ്രദേശത്തെ തൊഴിലാളിയായ ഇയാള്‍ കോസ്റ്റല്‍ പൊലിസിനു വിവരം കൈമാറുകയായിരുന്നു.
ഡിസംബര്‍ 13നു രാത്രിയാണ് ഏഴു തൊഴിലാളികളുമായി സുവര്‍ണ ത്രിഭുജ ഉഡുപ്പി മല്‍പേയില്‍നിന്നു മഹാരാഷ്ട്രയിലെ മല്‍വാ തുറമുഖം ഭാഗത്തേക്ക് മത്സ്യ ബന്ധനത്തിനു പോയത്. ബോട്ട് കാണാതായ വിവരം ഡിസംബര്‍ 23നാണു ബന്ധപ്പെട്ടവര്‍ പൊലിസില്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് പൊലിസ്, കോസ്റ്റ് ഗാര്‍ഡ്, നേവി ഉള്‍പ്പെടെയുള്ള രക്ഷാ സംഘം കര്‍ണാടക, ഗോവ, മഹാരാഷ്ട്ര കടലുകളില്‍ നിരന്തരം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ബോട്ടിനെയോ അതിലെ തൊഴിലാളികളെയോ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെ ഡിസംബര്‍ 16 നു രത്‌നഗിരി വഴി കടന്നു പോയ ഐ.എന്‍.എസ് കൊച്ചി പടക്കപ്പലിന്റെ അടിഭാഗത്ത് എന്തോ ഇടിച്ചു കേടുപാട് സംഭവിച്ചതായി കപ്പല്‍ ഉദ്യോഗസ്ഥര്‍ മല്‍വാ തുറമുഖം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇത് ഒരു ബോട്ട് ആയിരിക്കാനുള്ള സാധ്യതയും അവര്‍ ചൂണ്ടി കാട്ടിയിരുന്നു.
നാലുദിവസത്തെ അന്വേഷണത്തിനുശേഷം മല്‍വാ തുറമുഖ ഉദ്യോഗസ്ഥര്‍ ഹാര്‍ബറില്‍ മുഴുവന്‍ ബോട്ടുകളും സുരക്ഷിതമാണെന്ന് നേവിക്കുവിവരം കൈമാറിയിരുന്നു. ഇതിനു ശേഷമാണു സുവര്‍ണ ത്രിഭുജ കാണാതായ പരാതി അധികൃതര്‍ക്ക് ലഭിക്കുന്നത്. ഐ.എന്‍.എസ് കൊച്ചി ഉള്‍പ്പെടെയുള്ള കപ്പലുകള്‍ ഉപയോഗിച്ച് കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
രത്‌നഗിരി ഭാഗത്തെ കടലില്‍നിന്നു ബോട്ടുകളില്‍ മത്സ്യം നിറച്ചു വെക്കുന്ന രണ്ടു പെട്ടികള്‍ കിട്ടിയിരുന്നു. പെട്ടികളില്‍ എസ്.ടി എന്ന് രേഖപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് ഐ.എന്‍.എസ് കൊച്ചിയിലെ കാമറയില്‍ കടലില്‍ എഴുപത് മീറ്ററോളം ആഴത്തില്‍ ഒരു ബോട്ടിന്റെ അവശിഷ്ടം പതിഞ്ഞിരുന്നു. എന്നാല്‍ ഇത് സുവര്‍ണ ത്രിഭുജയുടെതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഉഡുപ്പി ജില്ലയിലെ രണ്ടുപേരും ഉത്തര കന്നഡ ജില്ലയിലെ അഞ്ചുപേരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."