പ്രതീക്ഷ കാത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ബംഗളൂരു: ഐ.പി.എല്ലില്‍ സെമി പ്രതീക്ഷകള്‍ക്ക് ജീവന് കൊടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനെ 14 റണ്‍സിന് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ടൂര്‍ണമെന്റില്‍ ആദ്യമായി ബാംഗ്ലൂര്‍ ബൗളര്‍മാര്‍ തന്ത്രപരമായി പന്തെറിഞ്ഞതോടെ മുംബൈയുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിച്ചു.
രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ടിം സൗത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങാണ് മുംബൈയ്ക്ക് വിജയം നിഷേധിച്ചത്. മുന്‍നിര തകര്‍ന്നപ്പോള്‍ മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യ (50), സഹോദരന് ക്രുണാല്‍ പാണ്ഡ്യ (23) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും അന്തിമ വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. ജെ.പി ഡുമിനി 23 റണ്‍സെടുത്തു.
ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മനന്‍ വോറ (45), ബ്രണ്ടന്‍ മെക്കല്ലം (37), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (32), കോളിന് ഗ്രാന്‍ഡ്ഹോം (പുറത്താകാതെ പത്ത് പന്തില്‍ 23) എന്നിവരുടെ ബാറ്റിങാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്ത് ബൗളിങിലും തിളങ്ങി. സൗത്തിയാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."