ചാലുകള്‍ വറ്റുമ്പോഴും താറാവ് പാടത്ത് വെള്ളമെത്തി
മണലൂര്‍: ജലസേചന സൗകര്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഉപയോഗിക്കാതിരുന്നത് മൂലം നെല്‍കൃഷി നശിച്ചുവെന്ന ആരോപണം നിലനില്‍ക്കെ താറാവിനിറങ്ങാന്‍ പാടങ്ങളില്‍ വെള്ളം നിറച്ചതായി ആക്ഷേപം.നെല്‍കൃഷിക്കാവശ്യമായ വെള്ളം ആവശ്യാനുസരണം നല്‍കാതിരുന്നത് മൂലം പല പാടശേഖരങ്ങളും വറ്റിവരളുകയും വിണ്ട് പൊളിയുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കൃഷി നശിക്കുകയും ചെയ്തു. കൊയ്‌ത്തെല്ലാം കഴിഞ്ഞ് പാടം താറാവിനിറങ്ങാന്‍ സജ്ജമായതോടെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ പോലും അവഗണിച്ചാണ് പാടങ്ങളില്‍ വെള്ളം നിറച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മഴ ഇല്ലായ്മയുടെയും പേരിലായിരുന്നു ബന്ധപ്പെട്ടവര്‍ കൃഷിക്കാവശ്യമായ വെള്ളമില്ലന്ന് പറഞ്ഞൊഴിവായത്. എന്നാല്‍ ഇതൊരു തട്ടിപ്പ് പറച്ചിലാണെന്ന് താറാവ് പാടങ്ങള്‍ തെളിവ് നല്‍കുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിയെ രക്ഷിക്കാന്‍ ബാധ്യതപ്പെട്ട പാടശേഖര കമ്മിറ്റികളും മറ്റും ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കൃഷിക്കാര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഇറിഗേഷന്‍ വകുപ്പിന്റെ വാട്ടര്‍ മാനേജ്‌മെന്റ് തികഞ്ഞ പരാജയമാണെന്നും കൃഷിക്കാരെ സംബന്ധിച്ചിടത്തോളം ഇറിഗേഷന്‍ വെള്ളാനയായി മാറിയെന്നും കര്‍ഷകര്‍ രോഷത്തോടെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."