ഓഫ് റോഡ് ജീപ്പ് സഫാരിക്ക് ഒരുങ്ങി രാമക്കല്‍മേട്
നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ ഓഫ് റോഡ് ജീപ്പ് സഫാരി നാളെ പുനരാരംഭിക്കും. രാവിലെ 10ന് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. 40 ജീപ്പുകളാണ് ഇവിടെ സര്‍വിസ് നടത്തുക. ജീപ്പ് സവാരിക്ക് 1300 രൂപയാണ് നിരക്ക്. ഒരു ജീപ്പില്‍ ആറു മുതല്‍ ഒമ്പതു വരെ യാത്രക്കാരെ കയറ്റും. ഒരു സവാരിക്ക് 1300 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല.
സവാരിക്കായി എത്തുന്നവര്‍ക്ക് രാമക്കല്‍മേട്ടിലെ ഡി.ടി.പി.സിയുടെ കൗണ്ടറില്‍നിന്നും ടിക്കറ്റ് ലഭ്യമാക്കും. ആമപ്പാറ, ഗ്രീന്‍വാലി വ്യു പോയിന്റ്, സോളാര്‍ പ്രോജക്ട് ഭാഗം തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. രണ്ട് മണിക്കൂര്‍കൊണ്ട് വിനോദ സഞ്ചാരികളെ ഈ പ്രദേശങ്ങള്‍ ചുറ്റി സഞ്ചരിച്ച് തിരികെ രാമക്കല്‍മേട്ടില്‍ എത്തിക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ ഫിറ്റ്‌നസ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കും. പരിശീലനം ലഭിച്ച 70 ഡ്രൈവര്‍മാര്‍ക്ക് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍.ഡി.ഒ എം.കെ ജയേഷ് തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്തു. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഡി.ടി.പി.സിയില്‍ ബ്രീത്ത് അനലൈസര്‍ മെഷീനും കൂടാതെ സി.സി.ടി.വി കാമറകളും സ്ഥാപിക്കും.
കഴിഞ്ഞ മേയ് അവസാനം മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി 2005ലെ ദുരിത നിവാരണ ഉത്തരവ് പ്രകാരമാണ് ജില്ലാകലക്ടര്‍ ജില്ലയിലെ ഓഫ്‌റോഡ് സഫാരി താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. രാമക്കല്‍മേട് ഓഫ് റോഡ് ജീപ്പ് സഫാരിയാണ് ആദ്യം ജില്ലയില്‍ പുനരാരംഭിക്കുന്നത്. ജില്ലയിലെ എല്ലാ ഓഫ് റോഡ് ജീപ്പ് സഫാരിയും ഇനിമുതല്‍ ജില്ലാ ഭരണ നേതൃത്വത്തിന്റെ കീഴിലാകും.
രാമക്കല്‍മേട്, കുമളി, ആനച്ചാല്‍, വണ്ടിപ്പെരിയാര്‍, വാഗമണ്‍ എന്നിവിടങ്ങളിലാണ് ഓഫ് റോഡ് സഫാരി നടത്തുന്നത്. അപകടകരമായ ഡ്രൈവിങ്ങിനൊപ്പം അമിതകൂലിയും നിയന്ത്രിക്കും. വിനോദ സഞ്ചാരികളുടെ മതിയായ സുരക്ഷിതത്വവും ഉറപ്പാക്കും. ഓഫ് റോഡ് സവാരി പുനരാരംഭിക്കുന്ന ഓരോ കേന്ദ്രത്തിലും ഡി.ടി.പി.സിയുടെ കൗണ്ടറുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."